പാരീസ്: ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം. കഴിഞ്ഞ രാത്രി പാരീസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ ഭൂരിഭാഗം മേഖലകളിലേയ്കുമുള്ള റെയില്‍ ഗതാഗതം താറുമാറായതായി ട്രെയിൻ ഓപ്പറേറ്റർ എസ്എൻസിഎഫ് അറിയിച്ചു. ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെയാണ് സംഭവം.
റെയില്‍ ശൃംഖല സ്തംഭിപ്പിക്കാനുള്ള മനപൂർവമായ അട്ടിമറിയാണ് നടന്നതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സിലെ പല മേഖലകളിലും ഇതേ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. യാത്രകള്‍ നീട്ടിവെക്കാനും യെില്‍വേ സ്റ്റേഷനുകളിലേക്ക് പോകരുതെന്നുമുള്ള നിര്‍ദേശം അധികൃതർ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.
“ടിജിവി നെറ്റ്‌വർക്കിനെ തളർത്താൻ വലിയ തോതിലുള്ള ആക്രമണമാണിത്,” എസ്എൻസിഎഫ് എഎഫ്‌പിയോട് പറഞ്ഞു, നിരവധി റൂട്ടുകൾ റദ്ദാക്കേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു.
പാരീസ് സമയം വെള്ളിയാഴ്ച രാത്രി 8.24-ന് ആണ് ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം. ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സിന്റെ ഉദ്ഘാടനം തുറന്നവേദിയിലാണ് നടക്കുന്നത്. ഈഫൽ ഗോപുരത്തിനുമുന്നിലെ ട്രക്കാഡറോ മൈതാനത്ത് മൂന്നുമണിക്കൂറോളം നീളുന്നതാണ് ഉദ്ഘാടനച്ചടങ്ങ്.