ന്യൂഡൽഹി: മദ്യനയ അഴിമതി കേസിലെ സൂത്രധാരൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ ആണെന്ന് സി.ബി.ഐ. കെജ്‌രിവാളിനെതിരായ തെളിവുകൾ ലഭിച്ചപ്പോഴാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും സി.ബി.ഐക്ക് വേണ്ടി ഹാജരായ ഡി. പി സിങ് പറഞ്ഞു. ഡൽഹി ഹൈകോടതിയിൽ ജാമ്യം ആവശ്യപ്പെട്ടുള്ള കെജ്‌രിവാളിന്റെ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ആരോപണം.
കെജ്‌രിവാൾ അറസ്റ്റിലാക്കപ്പെട്ടതിന് ശേഷം കേസിൽ തെളിവുകൾ ലഭിച്ചു. എ.എ.പി നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണം ആരംഭിക്കുക ഏജൻസിക്ക് അസാധ്യമായിരുന്നുവെന്നും വി.പി സിങ് പറഞ്ഞു. കേസിൽ കെജ്‌രിവാളിന്റെ നേരിട്ടുള്ള പങ്ക് സി.ബി.ഐക്ക് വ്യക്തമാണ്. ചാർജ് ഷീറ്റ് സമർപ്പിച്ചാലും കെജ്‌രിവാൾ നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിഷയത്തിൽ പൊലീസ് റിമാൻഡിലുണ്ടായിരുന്നപ്പോൾ മാത്രമാണ് കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ചോദ്യം ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി പറഞ്ഞു. സി.ബി.ഐക്ക് കെജ്രിവാളിനെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും വീട്ടിൽ നടത്തിയ തെരച്ചിൽ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. നേരത്തെ കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ആഗസ്റ്റ് എട്ടുവരെ നീട്ടിയിരുന്നു. മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയ, ബി.ആർ.എസ് നേതാവ് കെ. കവിത എന്നിവരുടെയും കസ്റ്റഡി നീട്ടിയിട്ടുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ കഴിഞ്ഞ മാസം സുപ്രീംകോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചെങ്കിലും പിന്നാലെ സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ ജയിലിൽനിന്ന് പുറത്തിറങ്ങാനായില്ല. മദ്യനയ അഴിമതിയിൽ കെജ്രിവാൾ പ്രധാന ഗൂഢാലോചനക്കാരനാണെന്നും മദ്യനിർമാതാക്കളുമായി അടുപ്പമുള്ള വിജയ് നായരുമായി അടുത്ത ബന്ധമുണ്ടെന്നും സി.ബി.ഐ പറയുന്നു. ഡൽഹി സർക്കാർ 2021ലെ മദ്യനയം ചില മദ്യക്കമ്പനികളുമായുള്ള ധാരണ പ്രകാരമാണ് രൂപപ്പെടുത്തിയതെന്നും ഇതിനായി എ.എ.പി 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്. ഗോവയിലും പഞ്ചാബിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ പണം ഉപയോഗിച്ചെന്നും അന്വേഷണ ഏജൻസികൾ പറയുന്നു. എന്നാൽ കെജ്രിവാളിൽനിന്ന് അനധികൃതമായി ഒരു രൂപ പോലും പിടിച്ചെടുക്കാനോ ആരോപണങ്ങളെ സാധൂകരിക്കാൻ തെളിവ് നൽകാനോ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് എ.എ.പി ചൂണ്ടിക്കാണിക്കുന്നു.