വയനാട്: വയനാട് മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 155 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ച മുതൽ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്. മുണ്ടക്കൈയിലെ തകർന്ന വീടുകളിൽ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്. ഈ പ്രദേശത്ത് നിലവിൽ നാലുവീടുകളിൽ 8 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കസേരയില്‍ ഇരുന്ന അവസ്ഥയിലും മൃതദേഹങ്ങളുണ്ട് എന്നതാണ് ദയനീയമായ കാഴ്ച. എന്നാൽ തകര്‍ന്ന വീടിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കൽ ദുഷ്കരമാണ്. വടംകെട്ടി വലിച്ചാണ് വീടുകളുടെ മേൽക്കൂര മാറ്റുന്നത്. നിലവിൽ ഒരു മൃതദേഹം മാറ്റിയിട്ടുണ്ട്. മുണ്ടക്കൈയിൽ മാത്രം 400 അധികം വീടുകൾ പഞ്ചായത്തിന്റെ രജിസ്റ്ററിൽ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഇതിൽ 35-40 വീടുകൾ മാത്രമേ ബാക്കിയുള്ളൂ എന്നാണ് പറയുന്നത്. അതേസമയം, ബെയിലി പാലത്തിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്.
രക്ഷാപ്രവർത്തനം ഒരു വശത്ത് നടക്കുമ്പോൾ മറുഭാഗത്ത് സംസ്കാര ചടങ്ങുകളും പുരോഗമിക്കുന്നുണ്ട്. മേപ്പാടി ജുമാ മസ്ജിദ് ഖബർസ്ഥാൻ, കാപ്പം കൊല്ലി ജുമാ മസ്ജിദ് ഖബർസ്ഥാൻ, നെല്ലിമുണ്ട ജുമാമസ്ജിദ് ഖബ്ർ സ്ഥാൻ എന്നിവിടങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്. നിലമ്പൂരിൽ സൂക്ഷിച്ച മൃതദേഹങ്ങൾ രണ്ടര മണിക്കൂറിനകം മേപ്പാടിയിൽ എത്തിക്കും. ഇന്നലെ രാത്രി നിർത്തിയ രക്ഷാപ്രവർത്തനം രാവിലെ ആറ് മണിയോടെയാണ് സൈന്യം വീണ്ടും ആരംഭിച്ചത്. 4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്.