Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsദുരന്തമുഖത്ത് ശരിയല്ലാത്ത പ്രചാരണങ്ങൾ നടത്തരുത്'; മുഖ്യമന്ത്രി

ദുരന്തമുഖത്ത് ശരിയല്ലാത്ത പ്രചാരണങ്ങൾ നടത്തരുത്’; മുഖ്യമന്ത്രി

ദുരന്തമുഖത്ത് ശരിയല്ലാത്ത പ്രചാരണങ്ങൾ നടത്തരുത്’; ഗാഡ്ഗിൽ റിപ്പോ‍ർട്ട് പരാമ‍ർശത്തിൽ മുഖ്യമന്ത്രി
ഗാഡ്ഗിൽ റിപ്പോർട്ട് എല്ലാ കാലത്തും ചിലർ ഉന്നയിച്ചുകൊണ്ടിരിക്കുന്ന കാര്യമായി മാത്രമേ കാണേണ്ടതുള്ളൂ. പ്രളയം വന്നപ്പോൾ പറഞ്ഞു, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ പ്രളയം വരില്ലായിരുന്നുവെന്ന് പറഞ്ഞു. അങ്ങനെ എല്ലാ കാലത്തും ഇത് കേൾക്കുന്നുണ്ട്. അതിതീവ്രമഴ, നമ്മുടെ നാട്ടിൽ മാത്രമല്ലല്ലോ. പലയിടത്തും ഉണ്ടാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ ഗൌരവമായി കാണാൻ കഴിയേണ്ടതുണ്ട്. ഓരോ ദിവസവും വർദ്ധിക്കുന്ന കാർബർ ബഹിർഗമനം, അതുമൂലമുണ്ടാകുന്ന ആഗോളതാപനം ഇവ ഉണ്ടാക്കുന്ന പ്രശ്നങ്ങളുണ്ട്. ദുരന്തമുഖത്ത് ശരിയല്ലാത്ത പ്രചാരണങ്ങൾ നടത്തരുതെന്ന് മുഖ്യമന്ത്രി.

ദുരന്തമുണ്ടായ പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടായിരുന്നു. 115 നും 204 മി.മീറ്ററിനും ഇടയിൽ മഴപെയ്യുമെന്നായിരുന്നു കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ 48 മണിക്കൂറിനുള്ളിൽ 572 മി.മീറ്റർ മഴയാണ് പെയ്തത്. മുന്നറിയിപ്പ് നൽകിയതിൽ എത്രയോ അധികം മഴ പെയ്തു. ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ഒരു തവണ പോലും റെഡ് അലേർട്ട് നൽകിയിട്ടുണ്ടായിരുന്നില്ല. അപകടം ഉണ്ടായ ശേഷം രാവിലെയോടെയാണ് കേന്ദ്രകലാവസ്ഥാ വകുപ്പ് ഈ പ്രദേശത്ത് റെഡ് അലേർട്ട് നൽകിയത്.

കേന്ദ്ര ഏജൻസിയായ, ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ ലാൻറ് സ്ലൈഡ് വാണിങ് സിസ്റ്റത്തിനായി വയനാട് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇവർ നൽകിയ മുന്നറിയിപ്പിൽ, 23 മുതൽ 28 വരെ ഒരു ദിവസം പോലും ഓറഞ്ച് അലേർട്ട് നൽകിയിട്ടില്ല. 29 ന് ഉച്ചയ്ക്ക് നൽകിയ മുന്നറിയിപ്പിൽ പോലും ഓറഞ്ച് അലേർട്ടാണ്. ജൂലൈ 30ന് മാത്രമാണ് അതിതീവ്രമഴ മുന്നറിയിപ്പ് നൽകിയത്. ഉരുൾപൊട്ടൽ മുന്നറിയിപ്പിൽ പച്ച അലേർട്ടാണ് നൽകിയിരിക്കുന്നത്. ചെറിയ മണ്ണിടിച്ചിൽ സാധ്യതയെന്നാണ് അർത്ഥം. എന്നാൽ അപ്പോഴേക്കും അതിതീവ്രമഴ ലഭിക്കുകയും ഉരുൾപൊട്ടൽ ഉണ്ടാവുകയും ചെയ്തു.

പ്രളയമുന്നറിയിപ്പ് നൽകാൻ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര ജല കമ്മീഷൻ ജൂലൈ 23 മുതൽ 28 വരെ ഒരു ദിവസം പോലും ഇരുവഴിഞ്ഞിപ്പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇതാണ് വസ്തുത. പാർലമെന്റിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്.

എൻഡിആർഎഫ് സംഘം വേണമെന്ന് കേരളം ആവശ്യപ്പെടുകയായിരുന്നു. നേരത്തെ ഈ ആവശ്യം ഉന്നയിച്ചതാണ്. കാലാവർഷം ആരംഭിച്ചത് മുതൽ വിവിധ മുന്നറിയിപ്പുകൾ ലഭിക്കുന്നുണ്ട്. അതിന് അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുമുണ്ട്. മുന്നറിയിപ്പ് ലഭിച്ചത് പ്രകാരം വേണ്ട ഇടങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

എന്നാൽ ഈ ദുരന്തം ആരംഭിച്ച പ്രഭവ കേന്ദ്രം ഈ ദുരന്തം ചിന്തിച്ചതല്ല. കേന്ദ്രം ഗവൺമെന്റും ചിന്തിക്കണം. പരസ്പരം പഴിചാരാൻ വേണ്ടി പറയുന്നതല്ല. അതിതീവ്രമഴ എന്ന് പറയുന്നുണ്ട്, അതിന്റെ ശക്തിയെത്രയാണ്. ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോൾ അതിന്റെ ഉത്തരവാദിത്തം ആരുടെയെങ്കിലും പെടലിക്കിട്ട് ഒഴിഞ്ഞുമാറിയതുകൊണ്ട് കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമോ? കേന്ദ്രസർക്കാർ ആലോചിക്കേണ്ടതുണ്ട്.

സാധാരണഗതിയിൽ പഴിചാരേണ്ട ഘട്ടമല്ല ഇത്. ഇപ്പോൾ ദുരന്തമുഖത്താണ് നമ്മൾ. രക്ഷാപ്രവർത്തനം നടത്തുക, ആളുകളെ കണ്ടെത്തുക, അവരെ സഹായിക്കുക, മണ്ണിനടിയിൽ കിടക്കുന്നവരെ കണ്ടെത്തുക, അതിന് കൂട്ടായ ശ്രമം നടത്തുക, നഷ്ടപ്പെട്ട ഗ്രാമത്തെ വീണ്ടെടുക്കുക, ഇതാണ് പ്രധാനം. സംസ്ഥാന സർക്കാർ ഇതിനാണ് പ്രാധാന്യം നൽകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments