Thursday, October 31, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉരുള്‍പൊട്ടലും ശക്തമായ മഴയും: പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ നിതാന്ത ജാഗ്രത വേണം: ആരോഗ്യമന്ത്രി

ഉരുള്‍പൊട്ടലും ശക്തമായ മഴയും: പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ നിതാന്ത ജാഗ്രത വേണം: ആരോഗ്യമന്ത്രി

വയനാട്ടിലെ ഉരുള്‍പൊട്ടലും മറ്റ് ജില്ലകളിലെ ശക്തമായ മഴയും കാരണം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിതാന്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലജന്യ രോഗങ്ങള്‍, ജന്തുജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലാണ്.

എലിപ്പനി കേസുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. എല്ലാ ആശുപത്രികളിലും അവശ്യ മരുന്നുകള്‍, ഒ.ആര്‍.എസ്., സിങ്ക്, ഡോക്‌സിസൈക്ലിന്‍, ബ്ലീച്ചിംഗ് പൗഡര്‍ തുടങ്ങിയവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ലഭ്യത കുറവ് മുന്‍കൂട്ടി അറിയിക്കണം.

എല്ലാ പ്രധാന ആശുപത്രികളിലും പാമ്പുകടിയേറ്റാല്‍ ചികിത്സിക്കാനുള്ള ആന്റി സ്‌നേക്ക് വെനം സ്റ്റോക്ക് ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. ആശുപത്രികള്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കണം. ദുരിത ബാധിത പ്രദേശങ്ങളില്‍ അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും സേവനങ്ങള്‍ ഉറപ്പാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളിലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ വ്യക്തിഗത സുരക്ഷാ ഉപാധികളായ ഗ്ലൗസ്, മാസ്‌ക്, ബൂട്ട് മുതലായവ ധരിക്കേണ്ടതാണ്. വൈദ്യുതാഘാതം, പാമ്പ് കടി, ഇഴജന്തുക്കള്‍ ഉള്‍പ്പെടെയുള്ളവയുടെ ആക്രമണം മുതലായവ ഒഴിവാക്കാനുള്ള സുരക്ഷാ നടപടികള്‍ കൈക്കൊള്ളുക. പ്രളയബാധിത പ്രദേശങ്ങളിലെ ആശുപത്രികളില്‍ ഉപകരണങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ക്യാമ്പുകളിലും ആരോഗ്യ സേവനം ഉറപ്പാക്കാന്‍ ഒരു നോഡല്‍ ഓഫീസര്‍ ഉണ്ടായിരിക്കണം. ക്യാമ്പുകളില്‍ ഡയാലിസിസ്, കീമോതെറാപ്പി മുതലായ ചികിത്സയിലുള്ള രോഗികള്‍ക്ക് തുടര്‍ചികിത്സ ഉറപ്പാക്കണം. ഏതെങ്കിലും രോഗങ്ങള്‍ക്ക് പതിവായി മരുന്ന് കഴിക്കുന്നവര്‍ അത് തുടരേണ്ടതാണ്. സൂരക്ഷിതമല്ലാത്ത മേഖലകളില്‍ വസിക്കുന്നവര്‍ നിര്‍ദ്ദേശം കിട്ടിയാലുടനെ ദൂരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറി താമസിക്കേണ്ടതാണ്. പക്ഷി മൃഗാദികളുടെ ശവശരീരങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആഴത്തില്‍ കുഴിയെടുത്ത് ബ്ലീച്ചിംഗ് പൗഡര്‍ വിതറി സംസ്‌കരിക്കേണ്ടതാണ്.

പകര്‍ച്ചവ്യാധി നിയന്ത്രണം

· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക.
· കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് അണുബാധ തടയും.
· മഴവെള്ളത്തില്‍ കുതിര്‍ന്ന ഭക്ഷണം ഉപയോഗിക്കരുത്.
· പഴകിയ ഭക്ഷണം കഴിക്കരുത്.
· ആര്‍ക്കെങ്കിലും പനിയോ വയറിളക്കമോ ഉണ്ടായാല്‍ ഉടനടി ചികിത്സ തേടേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ നല്‍കുക.
· കുടിവെള്ള സ്രോതസുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ക്ലോറിനേറ്റ് ചെയ്യണം.
· ദുരിതാശ്വാസ ക്യാമ്പുകളുടെ പരിസരം ആഴ്ച്ചയില്‍ രണ്ടുതവണ അണുനശീകരണം നടത്തണം.
· ക്യാമ്പുകളില്‍ മാലിന്യ സംസ്‌കരണം ശാസ്ത്രീയമായി നടത്തുക.
· ക്യാമ്പുകളില്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് ഫോഗിംഗും മറ്റ് വെക്ടര്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങളും നടത്തുക.
· ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, ദീര്‍ഘകാല രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക പരിചരണം ഉറപ്പാക്കുക.
· രോഗലക്ഷണങ്ങളുള്ളവരെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments