പട്ന : കൈത്തോക്കുമായി സ്കൂളിലെത്തിയ നഴ്സറി വിദ്യാർഥി മൂന്നാം ക്ലാസുകാരനെ വെടിവച്ചു. ബിഹാറിലെ സുപോൽ ജില്ലയിൽ ലാൽപത്തിയിലെ സ്വകാര്യ സ്കൂളിലാണു സംഭവം. കയ്യിൽ വെടിയേറ്റ വിദ്യാർഥിയെ ഉടനെ ആശുപത്രിയിലെത്തിച്ചു.
അഞ്ചു വയസ്സുകാരനു കൈത്തോക്ക് എവിടെ നിന്നു ലഭിച്ചുവെന്ന അന്വേഷണത്തിലാണു പൊലീസ്. സ്കൂൾ ബാഗിൽനിന്ന് തോക്കെടുത്താണു വെടിയുതിർത്തതെന്നു സഹപാഠികൾ സ്കൂൾ അധികൃതരെ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്കൂളുകളിൽ വിദ്യാർഥികളുടെ ബാഗ് പരിശോധന കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവി ജില്ലയിലെ സ്കൂൾ പ്രിൻസിപ്പൽമാർക്കു നിർദേശം നൽകി.