ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാടിന് സഹായവുമായി കൂടുതൽ അന്യഭാഷാ താരങ്ങൾ. സൂര്യ, കാർത്തി, ജ്യോതിക, രശ്മിക മന്ദാന എന്നിവരാണ് ഇപ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തികസഹായം വാഗ്ദാനംചെയ്ത് രംഗത്തെത്തിയത്. നടൻ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്തതിന് പിന്നാലെയാണിപ്പോൾ കൂടുതൽ താരങ്ങൾ സഹായവുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് നൽകിയത്. ഹൃദയം തകർന്നുപോകുന്നു എന്നാണ് സൂര്യ വയനാട്ടിലെ ദുരന്തത്തോട് പ്രതികരിച്ചത്. ഉരുൾപൊട്ടലിന്റെ ദുരിതം അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുന്നു. രക്ഷാപ്രവർത്തകർക്കൊപ്പംചേർന്ന് ദുരിതബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സർക്കാർ ഏജൻസി അംഗങ്ങളോടും ബഹുമാനംമാത്രം എന്നാണ് സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
വാർത്ത കണ്ടപ്പോൾ ഹൃദയം നുറുങ്ങിപ്പോയെന്നാണ് രശ്മിക സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഭീകരമാണീ അവസ്ഥ. ദുരിതബാധിതരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നുവെന്നും രശ്മിക എഴുതി. 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താരം സംഭാവന ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞദിവസം നടൻ വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നൽകിയിരുന്നു. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തൻ്റെ വേദനയും അറിയിച്ച അദ്ദേഹം, ബുധനാഴ്ചയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന ചെയ്തത്.