കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പിൽ മുംബൈ സിറ്റിയെ ഗോൾമഴയിൽ മുക്കി കേരള ബ്ലാസ്റ്റേഴ്സ്. ക്വാമി പെപ്രയും നോഹ് സദോയിയും ഹാട്രിക്കുമായും പകരക്കാരനായിറങ്ങിയ ഇഷാൻ പണ്ഡിത ഇരട്ട ഗോളുമായും നിറഞ്ഞാടിയ പോരാട്ടത്തിൽ എതിരില്ലാത്ത എട്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. വയനാട്ടിൽ ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് ഐക്യദാർഢ്യം അറിയിച്ച് കറുത്ത ബാഡ്ജ് ജഴ്സിയിൽ അണിഞ്ഞാണ് മഞ്ഞപ്പട കളത്തിലിറങ്ങിയത്. ഗോളടിച്ച ശേഷം ഈ ബാഡ്ജ് ഗാലറിയെ കാണിച്ചായിരുന്നു ടീമിന്റെ ആഘോഷം. ഡ്യൂറന്റ് കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ് കൊല്‍ക്കത്തയില്‍ പിറന്നത്. മുംബൈക്കായി റിസര്‍വ് ടീമാണ് കളത്തിലിറങ്ങിയത്.
ഈ സീസണിൽ മഞ്ഞപ്പടയുടെ സൂപ്പർ സൈനിങ്ങാണ് താനെന്ന് ആരാധകരോട് വിളിച്ച് പറയുന്നതായിരുന്നു നോഹ് സദോയിയുടെ അരങ്ങേറ്റ ഹാട്രിക്ക് . ഒപ്പം കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ പരിക്കേറ്റ് പുറത്തായ പെപ്രയുടെ ഗംഭീര തിരിച്ചു വരവിനും കൊൽക്കത്ത സാക്ഷിയായി. കഴിഞ്ഞ സീസണില്‍ വലിയ അവസരങ്ങള്‍ ലഭിക്കാതിരുന്ന ഇഷാന് പണ്ഡിതക്കും തന്നിലൊളിഞ്ഞിരിക്കുന്ന പ്രതിഭയെ ആരാധകരെ കാണിക്കാനുള്ള മികച്ച അവസരമായി ഈ പോരാട്ടം.
കളിയുടെ തുടക്കം മുതൽ മഞ്ഞപ്പടയുടെ സമഗ്രാധിപത്യമായിരുന്നു മൈതാനത്ത്. നിരന്തരം മുന്നേറ്റങ്ങളുമായി മുംബൈ ഗോൾമുഖം വിറപ്പിച്ച ബ്ലാസ്റ്റേഴ്സ് 32ാം മിനിറ്റിൽ സദോയിയിലൂടെയാണ് മുന്നിലെത്തിയത്. ഐബൻ ഡോഹ്ലിങ്ങിന്റെ ക്രോസിൽ മനോഹരമായോരു വോളിയിലൂടെ നോഹ് മുംബൈ വലകുലുക്കി. ആദ്യ ഗോളടിച്ച് അഞ്ച് മിനിറ്റ് പിന്നിടും മുമ്പേ നോഹിന്റെ ഒരു ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു.