കാൻബെറ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ഭരണതുടർച്ച ഉറപ്പാക്കാൻ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹവും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിൽ തെരഞ്ഞെടുപ്പ് ക്യാമ്പെയിൻ ആരംഭിച്ചു. ‘മോദി ഫോർ 2024’ എന്ന പേരിൽ ഏഴ് പ്രമുഖ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ക്യാമ്പെയിൻ നടക്കുന്നത്.
സിഡ്‌നി ഹാർബർ ബ്രിഡ്ജ്, മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്, പെർത്ത് ഒപ്‌റ്റസ് സ്റ്റേഡിയം, ബ്രിസ്‌ബെയ്ൻ ഗബ്ബ, ഗോൾഡ് കോസ്റ്റിലെ സർഫേഴ്‌സ് പാരഡൈസ്, കാൻബറയിലെ മൗണ്ട് ഐൻസ്‌ലി, അഡ്‌ലെയ്‌ഡിലെ നേവൽ മെമ്മോറിയൽ ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യമ്പെയിൻ നടക്കുന്നത്. നഗരത്തിലുടനീളം ‘മോദി കാ പരിവാർ’ എന്ന മുദ്രാവാക്യം വിളിച്ചാണ് ക്യാമ്പെയിന് തുടക്കം കുറിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പിന്തുണ അറിയിച്ച് ലണ്ടനിലെ ഇന്ത്യൻ സമൂഹം കാർ റാലി സംഘടിപ്പിച്ചിരുന്നു. 250-ലധികം കാറുകൾ ഉൾപ്പെടുത്തിയായിരുന്നു റാലി നടത്തിയത്. ഇന്ത്യൻ പതാകയും ബിജെപി പതാകയും ഉയർത്തിപ്പിടിച്ചിരിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ അവർ പങ്കുവച്ചിരുന്നു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടുമെന്നും വീണ്ടും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായെത്തുമെന്നും ഇന്ത്യൻ സമൂഹം പ്രതികരിച്ചു. ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടക്കാൻ പോകുന്നതെന്നും അവർ വ്യക്തമാക്കി.
ഏഴ് ഘട്ടങ്ങളിലായാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രിൽ 19-ന് നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുക.