കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ തീപിടിത്തം. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ചുരത്തിൽ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള ചിപ്പിലിത്തോട് എന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. അടിക്കാടിനാണ് തീപിടിച്ചത്.
മുക്കത്ത് നിന്നും അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഹൈവേ പോലീസിന്റെ വാഹനം കടന്നു പോകവെയാണ് പ്രദേശത്ത് തീ പടരുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.