മോസ്കോ: റഷ്യന്‍ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതരുമായി പരിക്കേറ്റവരില്‍ ഒരു മലയാളികൂടി. പൂവ്വാര്‍ സ്വദേശി ഡേവിഡ് മുത്തപ്പനാണ് റഷ്യയില്‍ കുടുങ്ങിയത്. ഏജന്റിന്റെ സഹായത്തോടെയാണ് സെക്യൂരിറ്റി ജോലിക്കായി ഡേവിഡ് റഷ്യയിലെത്തിയത്. എന്നാൽ കാത്തിരുന്നത് റഷ്യന്‍ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്യാനുള്ള ജോലിയായിരുന്നു. യുദ്ധത്തിനിടെ ഡേവിഡിന്റെ കാലിന് സാരമായി പരിക്കേൽക്കുകയായിരുന്നു. റഷ്യയിൽ കുടുങ്ങിയ ഡേവിഡ് അനുഭവങ്ങൾ പങ്കുവെച്ചു.
‘നിലവില്‍ മോസ്‌കോയിലാണുള്ളത്. ഇവിടെ ആരെയും കാണാതെ ഒളിച്ചിരിക്കുകയാണ്. പരിക്കുപറ്റിയ ശേഷം ആശുപത്രി ചികിത്സയിലായിരുന്നു. പിന്നാലെ വളരെ കഷ്ടപ്പെട്ടാണ് ഇവിടെയെത്തിയത്. സൈന്യത്തില്‍ നിന്ന് മുങ്ങിയവരെ 10 വര്‍ഷം ജയിലില്‍ അടക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. എംബസി പാസ്‌പോര്‍ട്ട് തന്നുകഴിഞ്ഞാല്‍ വീട്ടില്‍ പോകാം, അതാണ് ഇപ്പോഴത്തെ അവസ്ഥ. കാലിനാണ് പരിക്കേറ്റിരിക്കുന്നത്. നടക്കാന്‍ ബുദ്ധിമുട്ടാണ്. പരിക്കേറ്റ് ചികിത്സ കിട്ടാതെ ഒരു ദിവസം മുഴുവൻ വേദന സഹിച്ചു. മരിച്ചുവെന്നാണ് ഞാന്‍ കരുതിയത്. രാവിലെ ആശുപത്രിയില്‍ എത്തിച്ചതോടെ ആരോഗ്യ സ്ഥിതി മെച്ചമാകുകയായിരുന്നു. ഡ്രോണ്‍ അറ്റാക്കിലാണ് പരിക്കേറ്റത്. യുദ്ധസ്ഥലത്ത് കിടക്കുന്ന ആരെയും ഇതുവരെയായി മാറ്റിയിട്ടില്ല. യുദ്ധസ്ഥലത്ത് കിടക്കുന്നവരെ കൊണ്ടുവരാന്‍ നോക്കണം’,ഡേവിഡ് ആവശ്യപ്പെട്ടു.
യുദ്ധത്തിനൊന്നും പോകേണ്ടതില്ല, റഷ്യക്കകത്ത് തന്നെ സെക്യൂരിറ്റി ജോലിയാണെന്നാണ് പറഞ്ഞിരുന്നത് റിക്രൂട്ട് ചെയ്തവർ പറഞ്ഞിരുന്നതെന്നും ഡേവിഡ് വെളിപ്പെടുത്തി. മറ്റൊരു പ്രശ്‌നവും ഇല്ലെന്നും അവര്‍ പറഞ്ഞിരുന്നു. അവിടെ എത്തിയപ്പോഴാണ് മനസിലായത് യുദ്ധത്തിനാണ് കൊണ്ടുപോയതെന്ന്. കൊണ്ടുപോയ അപ്പോള്‍ തന്നെ പരിക്ക് പറ്റുകയും ചികിത്സ പോലും ലഭിക്കാത്ത അവസ്ഥ വരികയായിരുന്നു. രണ്ടര മുതല്‍ എട്ട് ലക്ഷം വരെ ശമ്പളം ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇവിടെ വന്നതിന് ശേഷം 2000 ഡോളറാണ് ഏജന്റിന് നല്‍കിയെന്നും ഡേവിഡ് പറഞ്ഞു.
ഡയറക്ടായി കൂലിപട്ടാളത്തിനൊപ്പം ചേര്‍ക്കുകയായിരുന്നു. പരിശീലനത്തിനായി തോക്ക് തന്നപ്പോള്‍ എന്തിനാണ് തോക്കെന്ന് ചോദിച്ചു. ആര്‍മി സെക്യൂരിറ്റിയുടെ കയ്യിൽ തോക്കിരിക്കുന്നതിൽ കുഴപ്പമൊന്നുമില്ലെന്നായിരുന്നു മറുപടി. യുദ്ധം നടക്കുന്നിടത്തെത്തിച്ചപ്പോൾ ഭയാനകമായ അവസ്ഥയാണ് ഉണ്ടായിരുന്നത്. അവിടെ ചെന്നുകഴിഞ്ഞാല്‍ ഡെഡ്‌ബോഡിയായോ അല്ലെങ്കില്‍ കയ്യോ കാലോ ഇല്ലാതെ പോരേണ്ടി വരുമെന്നാണ് ഒരു റഷ്യന്‍ സൈനികന്‍ പറഞ്ഞതെന്നും ഭാഗ്യമുള്ളവര്‍ മാത്രമാണ് ചെറിയ പരിക്കുകളോടെ ചികിത്സക്കായി പുറത്തുവരുന്നതെന്നും ഡേവിഡ് പറഞ്ഞു. ഒരുവര്‍ഷ കരാറാണെന്നാണ് അവര്‍ പറഞ്ഞത്. ഒരു വര്‍ഷം കഴിഞ്ഞാല്‍ വീട്ടില്‍ പോകാം. റഷ്യയുടെ പിആര്‍ കിട്ടിയാല്‍ എപ്പോള്‍ വേണമെങ്കിലും തിരികെ വരാമെന്നും അവര്‍ പറഞ്ഞതായി ഡേവിഡ് വ്യക്തമാക്കി.