ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന്റെ പിറ്റേദിവസം മുതൽ ഉയരുന്ന ആവശ്യമാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നത്. സംസ്ഥാന സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും കേന്ദ്രം വഴങ്ങിയിട്ടില്ല. ഉരുൾപൊട്ടൽ മുന്നറിയിപ്പിനെ ചൊല്ലിയുള്ള തർക്കം വിവാദത്തിലാണ് കലാശിച്ചത്.
പത്താം ധനകാര്യ കമ്മീഷനാണ് ദുരന്തത്തെ കൈകാര്യം ചെയ്യേണ്ട മാർഗനിർദേശം മുന്നോട്ടുവയ്ക്കുന്നത്. ഒരു സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുന്ന ദുരന്തത്തെ അപൂർവ തീവ്രതയുള്ള ദുരന്തം എന്നാണ് വിളിക്കുക. 2005ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിൽ ദേശീയ ദുരന്തമെന്നോ സംസ്ഥാന ദുരന്തം എന്നോ തരംതിരിവില്ല.
2018ലും 2019ലും കേരളത്തിലുണ്ടായ പ്രളയവും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ചെന്നൈ നഗരത്തിലുണ്ടായ വ്യാപകമായ വെള്ളപ്പൊക്കത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.
സംസ്ഥാനത്തിന് ശേഷി കുറയുമ്പോൾ അടിയന്തര ആവശ്യത്തിനുള്ള ഫണ്ടിൽ നിന്നാണ് അധിക സഹായം പരിഗണിക്കേണ്ടത്. ഇതിനുള്ള 100 ശതമാനം ധനസഹായം കേന്ദ്രസർക്കാരാണ് നൽകുന്നത്.