Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉയിരെടുത്ത ഉരുൾ: മരണം 369, കണ്ടെത്താനാവാതെ 206 പേർ

ഉയിരെടുത്ത ഉരുൾ: മരണം 369, കണ്ടെത്താനാവാതെ 206 പേർ

മേപ്പാടി: നാടിനെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു. 206 പേരെയാണ് കണ്ടെത്താനുള്ളത്. തിരച്ചിൽ ആറാം ദിനം പിന്നിടുമ്പോൾ ഇന്ന് ആറ് മേഖലകളിലായി നടത്തിയ ദൗത്യത്തിൽ ആയിരത്തിലധികം രക്ഷാപ്രവർത്തകരാണ് പങ്കെടുത്തത്. ചാലിയാറിലും മുണ്ടേരി ഉൾവനത്തിലും ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹവും ഏഴ് ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ചാലിയാറിൽ നിന്ന് ഇതുവരെ 213 മൃതദേഹങ്ങളാണ് ലഭിച്ചത്. 74 മൃതദേഹവും139 ശരീരഭാഗങ്ങളും ഇതിൽ ഉൾപ്പെടും. മുണ്ടക്കൈയിൽ ഇന്നത്തെ തിരച്ചിൽ അവസിനിപ്പിച്ചു. സൈന്യം റഡാർ ഉപയോ​ഗിച്ചും പരിശോധിച്ചിരുന്നുവെങ്കിലും ആരെയും കണ്ടെത്താനായില്ല.

അതേസമയം തിരിച്ചറിയാത്ത മൃതദേഹങ്ങൾ സർവ്വമത പ്രാർത്ഥനയോടെ പുത്തുമലയിൽ സംസ്‌കരിക്കും. ഹാരിസൺ പ്ലാന്റേഷന്റെ 64 സെന്റ് സ്ഥലത്താണ് സംസ്‌കാരം നടക്കുക. കൂട്ടമായി കുഴിയെടുത്താണ് സംസ്‌കാരം. 8 മൃതദേഹങ്ങളായിരിക്കും ഇന്ന് സംസ്കരിക്കുക.

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ രേഖകള്‍ വീണ്ടെടുക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്‍റെ വിവരങ്ങള്‍ മേപ്പാടി ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കണം. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കാര്യാലയം എന്നിവിടങ്ങളിലും ഇക്കാര്യം അറിയിക്കാം. ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

അതേസമയം ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നത് വ്യാജ പ്രചാരണമാണെന്ന് വയനാട് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ പറഞ്ഞു. ഓരോ ദിവസവും ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ടെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ പുറത്തുള്ളവര്‍ക്കോ ഭക്ഷണം പാചകം ചെയ്ത് നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ലെന്നും കലക്ടർ വ്യക്തമാക്കി.

കളക്ഷന്‍ പോയിന്‍റിൽ ഏല്‍പ്പിക്കുന്ന ഭക്ഷണവും കൃത്യമായി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. പഴകിയ ഭക്ഷണവും ഗുണമേന്മയില്ലാത്ത ഭക്ഷണവും വിതരണം ചെയ്യുന്നത് തടയാന്‍ വേണ്ടിയാണ് ഈ ക്രമീകരണം. ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണത്തിനും മേല്‍നോട്ടം വഹിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നും കലക്ടര്‍ പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകരുടെ ഭക്ഷണ വിതരണം തടഞ്ഞ സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. സംഭവത്തിൽ ഡി.ഐ.ജി തോംസൺ ജോസിനെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. പൊലീസിൻറേത് അനാവശ്യ നടപടിയാണെന്ന അഭിപ്രായവും പരാതിയുമുണ്ടെന്നും പൊലീസ് സമീപനം ഉന്നത ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും അവർ പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com