മാണ്ഡി: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തിൽ കാണാതായ 50 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.11 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട് .
പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായ ഷിംല, മാണ്ഡി, കുളു ജില്ലകളിൽ ദുരന്തനിവാരണ സേനയെയടക്കം വിന്യസിച്ചിട്ടുണ്ട്. ശക്തമായ മഴ സാധ്യത മുൻനിർത്തി അടുത്ത 5 ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഹിമാചലിന് പുറമെ ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര ബംഗാൾ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്.
ജൂലൈ 31നാണ് മേഘവിസ്ഫോടനമുണ്ടായത്. സൈന്യവും ദുരന്തനിവാരണ സേനയും പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് ഹിമാചലിലെ 114 റോഡുകൾ താൽക്കാലികമായി അടച്ചു.അതേസമയം ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മേഘവിസ്ഫോടനത്തിൽ 15 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇരു സംസ്ഥാനങ്ങളിലും ബുധനാഴ്ചവരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം