Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബംഗ്ലാ​ദേശിൽ ഹിന്ദുക്കളെ സംരക്ഷിക്കാൻ പള്ളികളിലൂടെ ആഹ്വാനം ;ക്ഷേത്രങ്ങൾക്ക് കാവലിരുന്ന് മുസ്‍ലിംകൾ

ബംഗ്ലാ​ദേശിൽ ഹിന്ദുക്കളെ സംരക്ഷിക്കാൻ പള്ളികളിലൂടെ ആഹ്വാനം ;ക്ഷേത്രങ്ങൾക്ക് കാവലിരുന്ന് മുസ്‍ലിംകൾ

ധാക്ക: ബംഗ്ലാദേശിലെ ഭരണ വിരുദ്ധ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ ഹൈന്ദവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താൻ മുസ്‍ലിം പള്ളികളിൽനിന്ന് ആഹ്വാനം. പ്രക്ഷോഭ രംഗത്തുള്ള വിദ്യാർഥി സംഘടനയായ ‘ആന്‍റി ഡിസ്ക്രിമിനേഷൻ സ്റ്റുഡന്‍റ് മൂവ്മെന്‍റി​ന്‍റെ’ നിർദേശപ്രകാരമാണ് ഹിന്ദുക്കളുടെ സംരക്ഷണത്തിന് ഉച്ചഭാഷിണികളിലൂ​ടെ ആഹ്വാനം ചെയ്തത്.

‘പ്രിയ പൗരന്മാരെ ‘വിവേചനത്തിനെതിരായ വിദ്യാർത്ഥികൾ’ എന്ന പ്രസ്ഥാനത്തിലെ അംഗങ്ങളായ ഞങ്ങൾ നിങ്ങളോട് അഭ്യർഥിക്കുകയാണ്. രാജ്യത്ത് അശാന്തിയുടെ ഈ കാലഘട്ടത്തിൽ നാമെല്ലാവരും സാമുദായിക സൗഹാർദം നിലനിർത്തണം. ഹിന്ദു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം. അവരുടെ ജീവനും സമ്പത്തും ദുഷ്ടശക്തികളിൽനിന്നും സംരക്ഷിക്കുക. ഇത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എല്ലാവരും ജാഗരൂകരായിരിക്കണമെന്നും’ പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. ആഹ്വാനം ചെവികൊണ്ട് ക്ഷേത്രങ്ങൾക്ക് കാവലിരിക്കുന്ന മുസ്‍ലിംകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനെ പ്രശംസിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ വിദ്യാർഥികൾ ടീമുകൾ രൂപീകരിക്കുന്നു. ബംഗ്ലാദേശി​ന്‍റെ ഭാവി ഇങ്ങനെയായിരിക്കട്ടെ എന്നായിരുന്നു ഒരു ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള പ്രതികരണം.

ഭരണവിരുദ്ധ പ്രക്ഷോഭം തുടരുന്ന ബംഗ്ലാദേശിൽ വ്യാപകമായ അക്രമ സംഭവങ്ങൾ റി​പ്പോർട്ട് ചെയ്യുന്നു. പ്രക്ഷോഭം രൂക്ഷമായ പശ്ചാത്തലത്തിൽ ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യംവിട്ടതായാണ് റിപ്പോർട്ടുകൾ. ഇന്നലെ ആയിരക്കണക്കിന് പ്രക്ഷോഭകർ ശൈഖ് ഹസീനയുടെ ധാക്കയിലെ ഔദ്യോഗിക വസതി കൈയേറിയിരുന്നു. ബംഗ്ലദേശ് ആഭ്യന്തരമന്ത്രിയുടെയും സുപ്രീംകോടതി ജഡ്ജിയുടെയും വീടുകൾക്ക് സമരക്കാർ തീയിട്ടു. മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഷ്റഫി മൊർതാസയുടെ വീടിനും തീവെച്ചു. മൊര്‍താസയുടെ നരെയ്‌ലിലെ വീടാണ് ആക്രമണത്തിനിരയായത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് മൊര്‍താസ. അക്രമം നടക്കുമ്പോള്‍ മൊർതാസ സ്ഥലത്തില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് പ്രക്ഷോഭകാരികള്‍ അദ്ദേഹത്തിന്റെ വീടിന് നേരെ തിരിഞ്ഞത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments