ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ നിന്നും ഇറങ്ങി പോയി. അയോഗ്യത സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം താല്‍പര്യം അറിയിച്ചെന്നും സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് സഭ വിട്ടിറങ്ങുകയായിരുന്നുവെന്നും കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു. ഒരു രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയും വിനേഷ് ഫോഗട്ടിനൊപ്പമുണ്ട്. പ്രതീക്ഷ കൈവിടരുതെന്നും വിരമിക്കല്‍ പ്രഖ്യാപനത്തെ ചൂണ്ടികാട്ടി പ്രമോദ് തിവാരി പറഞ്ഞു.
ഫോഗട്ടിനുവേണ്ടി 70,45,775 രൂപ സര്‍ക്കാര്‍ ചെലവഴിച്ചുവെന്ന് കേന്ദ്ര കായിക മന്ത്രി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പരാമര്‍ശിച്ചതും പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ലോകം മുഴുവന്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍, ഫോഗട്ടിന്റെ പരിശീലനത്തിനുവേണ്ടി ചെലവഴിച്ച തുക സര്‍ക്കാര്‍ പരാമര്‍ശിച്ചത് ശരിയായില്ലെന്ന് കേരളത്തില്‍ നിന്നുള്ള എംപി ഷാഫി പറമ്പില്‍ വിമര്‍ശിച്ചിരുന്നു. ഏതെങ്കിലും ബിജെപി നേതാക്കളുടെ സ്വകാര്യസ്വത്തില്‍ നിന്നല്ല ഫോഗട്ടിന് വേണ്ടി തുക ചെലവഴിച്ചതെന്ന് ഷാഫി നിലപാട് വ്യക്തമാക്കി.
പാരിസ് ഒളിംപിക്‌സില്‍ ഫൈനല്‍ നടക്കാനിരിക്കെയാണ് താരത്തെ അയോഗ്യയാക്കിയത്. ശരീരഭാര പരിശോധനയില്‍ താരം പരാജയപ്പെടുകയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാല്‍ ഇന്നലെ രാവിലെ നടത്തിയ ഭാരപരിശോധനയില്‍ താരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു. വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) സ്ഥിരീകരിച്ചു.