കൊൽക്കത്ത: കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പി ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ വേണ്ടിവന്നാൽ തൂക്കിലേറ്റുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അന്വേഷണം ഊർജിതമാക്കാൻ നിർദേശം നൽകിയതായും അവർ വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ സംഭവത്തിൽ പ്രതിഷേധിച്ച് ജൂനിയർ ഡോക്ടർമാർ സമരം ആരംഭിക്കുകയായിരുന്നു. സംഭവത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച മമതാ ബാനർജി അറസ്റ്റിലായവർ ആശുപത്രിയിൽത്തന്നെ ജോലി ചെയ്യുന്നവരാണെന്നും പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബവുമായി സംസാരിച്ചെന്നും നീതിപൂർവ്വം നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയെന്നും മമത പറഞ്ഞു.
‘ജൂനിയർ ഡോക്ടർമാരുടെ രോഷം ന്യായീകരിക്കാനാവുന്നതാണ്. അവരെ ഞാൻ പിന്തുണയ്ക്കുന്നു. അവരുടെ ആവശ്യം പൊലീസ് അംഗീകരിച്ചിട്ടുമുണ്ട്. അതിവേഗകോടതിയിൽ കേസ് പരിഗണിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ, പ്രതികളെ തൂക്കിലേറ്റും. എന്തായാലും പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കും. സമരം ചെയ്യുന്നവരോട് പറയാനുള്ളത് അവർക്ക് സംസ്ഥാനസർക്കാരിൽ വിശ്വാസമില്ലെങ്കിൽ ഏത് നിയമസംവിധാനത്തെയും സമീപിക്കാമെന്നാണ്. അതിലെനിക്ക് യാതൊരു പ്രശ്നവുമില്ല. കൃത്യവും സമഗ്രവുമായ അന്വേഷണവും കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷയുമാണ് നമുക്കാവശ്യം’- മമതാ ബാനർജി പറഞ്ഞു.
ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയുടെ മൃതദേഹം അർധനഗ്നമായ നിലയിലായിരുന്നു കണ്ടെത്തിയത്. പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കണ്ണുകളിൽ നിന്നും വായിൽ നിന്നും രക്തം വന്നിട്ടുണ്ട്. മുഖത്തും വിരലുകളിലും മുറിവുകൾ ഉണ്ട്. വയർ, ഇടതുകാൽ, കഴുത്ത്, വലതു കൈ, മോതിരവിരൽ, ചുണ്ട് എന്നീ ഭാഗങ്ങളിലും പരിക്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിലെ എല്ല് ഒടിഞ്ഞിട്ടുണ്ട്. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു.