തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ നാശനഷ്ടം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ സമർപ്പിക്കും. പുനരധിവാസത്തിനും മറ്റുമായി 3500 കോടിയോളം രൂപയാണ് സർക്കാർ കണക്ക് കൂട്ടുന്നത്. കേന്ദ്രത്തിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന തുകക്കൊപ്പം സംസ്ഥാന ഖജനാവിൽ നിന്ന് പണം ചിലവാക്കി പുനരധിവാസം നടത്താനാണ് സർക്കാരിന്‍റെ തീരുമാനം.
വയനാട്ടിൽ ഉണ്ടായ ദുരന്തത്തിന്റെ തീവ്രത പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് കണ്ട് ബോധ്യപ്പെട്ടു എന്നാണ് സംസ്ഥാന സർക്കാർ വിലയിരുത്തുന്നത്. ടൗൺഷിപ്പ്, വീട് അടക്കമുള്ള പുനർനിർമാണത്തിന് 2000 കോടിയും, ജീവനോപാധി നഷ്ടപ്പെട്ടത് തിരികെ നൽകുക എന്നതിനടക്കം 1200 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ കണക്കാക്കുന്നത്.മറ്റ് അധിക ചെലവുകൾ സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.ഇതെല്ലാം കൂടി ഒറ്റയ്ക്ക് താങ്ങില്ല എന്ന ബോധ്യം സംസ്ഥാന സർക്കാരിനുണ്ട്.