വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പുലികളി ഒഴിവാക്കിയ തൃശ്ശൂർ കോർപ്പറേഷൻ തീരുമാനം പുനഃ പരിശോധിക്കണമെന്ന് പുലികളി സംഘങ്ങളുടെ സംയുക്തയോഗം. ഒരുക്കങ്ങൾ പൂർത്തിയാക്കിയതിനാൽ പുലികളി ഉപേക്ഷിച്ചാൽ സംഘങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തണമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓണാഘോഷത്തോടനുബന്ധിച്ച് നാലോണനാളിൽ നഗരത്തിൽ നടത്തുന്ന പുലികളി ആഘോഷത്തിന്റെ പ്രവർത്തനങ്ങൾ പാതിവഴിയാണിപ്പോൾ. സംഘാടകസമിതി രൂപീകരിച്ചു. രജിസ്‌ട്രേഷൻ പൂർത്തിയാക്കി. പല സമിതികളും ഫ്ളക്‌സുകളും നോട്ടീസും ഇറക്കി. എന്നാൽ കൂടിയാലോചനകൾ ഇല്ലാതെ പുലികളി വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്നാണ് പുലിക്കളി സംഘങ്ങളുടെ സംയുക്ത യോഗത്തിന്റെ വിമർശനം. പുലികളി നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘാടകസമിതിയുടെ നിലപാട് ചോദിക്കുകയോ, യോഗം വിളിക്കുകയോ ചെയ്തിട്ടില്ല.
സർക്കാർ ഉത്തരവിന്റെ പേരിലാണ് പുലികളിയടക്കം ഉപേക്ഷിച്ചത്. സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തുകയോ, പുലികളി ഉപേക്ഷിച്ചത് പുന: പരിശോധിക്കുകയോ വേണമെന്നും യോഗം കോർപറേഷൻ അധികൃതരോട് ആവശ്യപ്പെട്ടു. മുന്നൊരുക്കങ്ങൾ നടത്തിയത് മൂലം മുഴുവൻ സംഘങ്ങളും നിലവിൽ വൻ സാമ്പത്തിക ബാധ്യതയിലാണ്. ഈ സാഹചര്യത്തിൽ അഭിപ്രായം അറിയുന്നതിന് യോഗം വിളിക്കണമെന്നും സംയുക്തയോഗം ആവശ്യപ്പെട്ടു.