ടെൽഅവീവ്: ഹമാസ് മേധാവിയായ ഇസ്മായിൽ ഹനിയ്യയെ ടെഹ്റാനിൽ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാൻ ഉടൻ തന്നെ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇസ്രായേൽ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇറാൻ ദിവസങ്ങൾക്കുള്ളിൽ വലിയ ആക്രമണം നടത്തുമെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് തിരിച്ചടിക്കുള്ള നീക്കം ഇറാൻ ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ റിപ്പോർട്ട്.
വ്യാഴാഴ്ച നടക്കാനിരിക്കുന്ന വെടിനിർത്തൽ-ബന്ദി മോചന ചർച്ചകൾക്ക് മുമ്പ് ഇറാൻ ആക്രമണം നടത്തുമെന്ന് ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ആക്‌സിയോസ്’ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ആക്രമണം സംബന്ധിച്ച് ഇറാനിൽ ഭിന്നാഭിപ്രായമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കടുത്ത പ്രതികരണം വേണ്ടെന്ന നിലപാടിലാണ് പ്രസിഡൻറ് മസൂദ് പെസെഷ്‌കിയാൻ. അതേസമയം കടുത്ത രീതിയിൽ ആക്രമിക്കണമെന്നാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിന്റെ തീരുമാനമെന്നും റിപ്പോർട്ട് പറയുന്നു.
ഇറാനും ഹിസ്ബുല്ലയും സംയുക്തമായി ഒരേസമയം ആക്രമണം നടത്തിയേക്കാമെന്ന് ചാനൽ 13 റിപ്പോർട്ട് ചെയ്തു. പാരീസ് ഒളിമ്പിക്‌സ് സമാപിക്കുന്നത് വരെ വലിയ ആക്രമണം നടത്തരുതെന്ന ഫ്രഞ്ച് സമ്മർദമാണ് ഇറാൻ്റെയും ഹിസ്ബുല്ലയുടെയും പ്രതികരണം വൈകിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.