കൊച്ചി: മുണ്ടക്കൈ, ചൂരല്‍മല, വിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ ലഭ്യമാക്കുന്ന സ്ഥലത്തോ, സഭ സംഭാവന ചെയ്യുന്ന സ്ഥലത്തോ വ്യക്തികള്‍ സ്വയം കണ്ടെത്തുന്ന സ്ഥലത്തോ നൂറ് വീടുകള്‍ നിർമിച്ച് നൽകുമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ. മറ്റ് ജില്ലകളില്‍ വന്ന് താമസിക്കാന്‍ താൽപര്യപ്പെടുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ചെയ്തു കൊടുക്കുമെന്നും മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
സര്‍ക്കാറിന്റെ അനുവാദം ലഭിക്കുന്ന മുറക്ക് നിർമാണ പ്രവൃത്തികള്‍ ആരംഭിക്കും. ദുരന്തത്തില്‍ വീടും വരുമാന മാര്‍ഗവും നഷ്ടപ്പെട്ട വയനാട് ജില്ലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 9500 രൂപ വീതം അടിയന്തര സാമ്പത്തിക സഹായവും നൽകും. പുനരധിവാസ പദ്ധതികളുടെ നടത്തിപ്പിന് പ്രദേശത്തെ രൂപതാ നേതൃത്വം ഉള്‍ക്കൊള്ളുന്ന സമിതികള്‍ രൂപവത്കരിക്കുമെന്നും മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ വ്യക്തമാക്കി
കെ.സി.ബി.സി. സെക്രട്ടറി ജനറല്‍ ബിഷപ് അലക്‌സ് വടക്കുംതല, ജസ്റ്റിസ് ഫോര്‍ പീസ് ആൻഡ് ഡെവലപ്‌മെന്റ് ചെയര്‍മാന്‍ ബിഷപ് ജോസ് പുളിക്കല്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.