ന്യൂഡൽഹി: വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹാറ ഗ്രൂപ്പ് രണ്ട് കോടി നൽകണമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഹിമ കോഹ്‍ലി, സന്ദീപ് മേത്ത എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. സഹാറക്ക് കീഴിൽ വരുന്ന 10 കമ്പനികൾ പത്ത് ലക്ഷം വീതവും 20 ഡയറക്ടർമാർ അഞ്ച് ലക്ഷം വീതവും ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
സഹാറയുടെ ഫ്ലാറ്റുകൾ വാങ്ങിയ ഉപഭോക്താക്കൾ നൽകിയ ഹരജിയിൽ നേരത്തെ സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. ഫ്ലാറ്റുകൾ സജ്ജമാക്കി അത് വാങ്ങിയവർക്ക് കൈമാറണമെന്നായിരുന്നു ഉത്തരവ്. ഇത് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് കമ്പനിയോട് രണ്ട് കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി നിർദേശിച്ചത്.
ആറ് തവണ ഇക്കാര്യത്തിൽ നിർദേശം പുറപ്പെടുവിച്ചിട്ടും ഉത്തരവ് പാലിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയതോടെയാണ് രണ്ട് കോടി രൂപ പിഴയിടാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവൈ, അഭിഭാഷകരായ സിമ്രാൻജിത് സിങ്, ഗൗതം താലുക്ക്ദാർ, നേഹ ഗുപ്ത, കരൺ ജെയിൻ, റിഷഭ് പന്ത്, യാജാത് ഗുലിയ എന്നിവർ സഹാറക്ക് വേണ്ടി കോടതിയിൽ ഹാജരായി.
സിദ്ധാർഥ് ബാത്ര, അർച്ചന യാദവ്, ചിൻമയ് ദുബെ, ശിവാനി ചൗള, റിതം കാറ്റ്യാൽ, പ്രത്യുഷ് അറോറ എന്നിവരാണ് ഫ്ലാറ്റുകൾ വാങ്ങിയവർക്കായി ഹാജരായത്.