ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ഇന്നത്തെ തെരച്ചില്‍ ആരംഭിച്ചു. മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള പരിശോധന ആരംഭിച്ചു. ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ കൂടതല്‍ പേര് ഇന്ന് പുഴയിലിറങ്ങി പരിശോധന നടത്തും. പലതവണ ഈശ്വര്‍ മല്‍പെ മുങ്ങിതാഴ്ന്നെങ്കിലും പ്രതീക്ഷ നല്കുന്ന വസ്തുക്കളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗം കണ്ടെത്തിയെങ്കിലും അര്ജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് ഉടമ മനാഫ് പറഞ്ഞു. അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയുടെ ഭാഗമായിരിക്കാമെന്നാണ് കരുതുന്നത്.
ഇന്നലെ അര്ജുൻ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ജാക്കി കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് ഈശ്വര്‍ മല്‍പെ ഇന്നും തെരച്ചില്‍ നടത്തുന്നത്. ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്താണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. അതേസമയം, നാവിക സേനയുടെ ഡൈവിങ് ടീമും ഇന്ന് തെരച്ചില്‍ നടത്തും. കാര്‍വാറിൽ നിന്ന് ഉടൻ തന്നെ നാവിക സേനാംഗങ്ങളും സ്ഥലത്തെത്തും. പ്രധാനമായും ഇന്നലെ സോണാർ പരിശോധനയിൽ ലോഹസാന്നിധ്യം കണ്ടെത്തിയ മൂന്ന് പോയന്റുകളിലായിരിക്കും നാവിക സേനയുടെ പരിശോധന കേന്ദ്രീകരിക്കുക