കോഴിക്കോട്: വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ടില്‍ അന്വേഷണം ശരിയായ ദിശയില്‍ എന്ന് വടകര ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ കെ ശൈലജ. പൊലീസ് റിപ്പോര്‍ട്ട് കണ്ടിട്ടില്ല. ഇടതെന്ന് തോന്നിപ്പിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും ഇടതുപക്ഷത്തിന് എതിരായ പ്രചാരണങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് നടന്നിരുന്നു. അക്കൂട്ടത്തില്‍പ്പെട്ടതാണോയെന്ന് അറിയില്ല. കുടുംബസദസ്സിലാണ് വ്യാജപ്രചാരണങ്ങള്‍ നടത്തിയത്. കാഫിര്‍ പ്രയോഗത്തിന് പിന്നില്‍ ആരാണെന്ന് അറിയണം എന്നും കെ കെ ശൈലജ പറഞ്ഞു.
ഇടതുപക്ഷത്തെ അങ്ങേയറ്റം ദ്രോഹിക്കുന്ന നിലയിലാണ് പ്രചാരണം നടന്നത്. ആര് നിര്‍മ്മിച്ചതാണെങ്കിലും ഇടതുപക്ഷത്തിന് എതിരായിരുന്നു. എല്‍ഡിഎഫിന്റെ നന്മയ്ക്ക് വേണ്ടി ആരും അത് ചെയ്യില്ല. സ്ത്രീകള്‍ക്കിടയില്‍ ഇടതുപക്ഷത്തിന് അനുകൂല സാഹചര്യം ഉണ്ടെന്ന് കണ്ടായിരുന്നു നീക്കമെന്നും മട്ടന്നൂര്‍ എംഎല്‍എ പ്രതികരിച്ചു.കെ കെ ലതിക അത് പങ്കുവെക്കേണ്ടിയിരുന്നില്ല. താന്‍ ലതികയെ ബന്ധപ്പെട്ടിരുന്നു. ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന് ആളുകള്‍ അറിയേണ്ടേ. അതിനാലാണ് പങ്കുവെച്ചത് എന്നാണ് പറഞ്ഞത്. ഷെയര്‍ ചെയ്യേണ്ടിയിരുന്നില്ലെന്നും കെ കെ ശൈലജ പറഞ്ഞു.
അതേസമയം വിവാദത്തില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പ്രതികരിച്ചു. ‘കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്. വിവാദത്തിനു പിന്നില്‍ അടിമുടി സിപിഐഎമ്മുകാരാണ്, പക്ഷേ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. നിയമനടപടി തുടരും. വര്‍ഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോല്‍ക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം ചെയ്യില്ല. സിപിഐഎം പ്രവര്‍ത്തകര്‍ തന്നെ ഇതിനെ എതിര്‍ക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയില്‍ തോന്നിയതായി എനിക്ക് തോന്നുന്നില്ല. പാര്‍ട്ടി പങ്കുള്ളതിനാല്‍ അന്വേഷണം വൈകുന്നു’, എന്നുമായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.