ബാങ്കോക്ക്∙ തായ്‌ലാൻഡിൽ ഭരണഘടന ലംഘിച്ചതിനു പ്രധാനമന്ത്രി സെറ്റ താവിസിനെ കോടതി പുറത്താക്കി. ജയിൽശിക്ഷ അനുഭവിച്ച മുൻ അഭിഭാഷകനെ മന്ത്രിസഭയിൽ നിയമിച്ച കുറ്റത്തിനാണു തായ് ഭരണഘടനാ കോടതിയുടെ നടപടി. സെറ്റ ധിക്കാരപൂർവം രാഷ്ട്രീയ ധാർമികതയും നിയമങ്ങളും ലംഘിച്ചെന്നും കോടതി വിമർശിച്ചു. റിയൽ എസ്റ്റേറ്റ് ഭീമനായ സെറ്റ (67) 2023 ഓഗസ്റ്റിലാണ് തായ് പ്രധാനമന്ത്രിയായത്.
കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ മൂവ് ഫോർവേഡ് പാർട്ടി പിരിച്ചുവിടുകയും അതിന്റെ നേതാക്കൾക്കു 10 വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തതിനു പിന്നാലെയാണു കോടതി പ്രധാനമന്ത്രിയെയും പുറത്താക്കുന്നത്. കോടതിയുടെ ഒമ്പതംഗ ബെഞ്ചിൽ 5 പേരും സെറ്റയെ പുറത്താക്കുന്നതിനെ അനുകൂലിച്ചു. 16 വർഷത്തിനുള്ളിൽ തായ് ഭരണഘടനാ കോടതി പുറത്താക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണു സെറ്റ. പുതിയ പ്രധാനമന്ത്രിയെ പാർലമെന്റ് തിരഞ്ഞെടുക്കുന്നതുവരെ ഇടക്കാല നേതാവിനെ തിരഞ്ഞെടുക്കുമെന്നും കോടതി പറഞ്ഞു.