ന്യൂഡൽഹി:ഇന്ത്യയിലെത്തിയ ജർമ്മൻ എംപിമാരായ ജുർഗൻ ഹാർഡിനെയും റാൽഫ് ബ്രിങ്‌ഹോസിനെയും സ്വാഗതം ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. “ജർമ്മൻ ബുണ്ടെസ്റ്റാഗ് എംപിമാരായ ജുർഗൻ ഹാർഡ് , റാൽഫ് ബ്രിങ്‌ഹോസ് എന്നിവരുമായി ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ബന്ധങ്ങളുടെ വളർച്ചയ്‌ക്ക് അവർ നൽകുന്ന ശക്തമായ പിന്തുണയെ അഭിനന്ദിക്കുന്നു,”എക്‌സിൽ വിദേശകാര്യ മന്ത്രി കുറിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 12 ന് ഇന്ത്യയിലെ ജർമ്മൻ എംബസി , ഫ്രോൺഹോഫറുമായി സഹകരിച്ച്, ന്യൂഡൽഹിയിൽ “സുസ്ഥിരത: നമ്മുടെ ഭാവിക്ക് അനിവാര്യമായ സാങ്കേതികവിദ്യ ” എന്ന തലക്കെട്ടിൽ ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു . ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള സാങ്കേതികവും സുസ്ഥിരവുമായ പുതിയ ബന്ധങ്ങൾ ആഴത്തിലാക്കുന്നതാണ് സമ്മേളനം. സമ്മേളനത്തിൽ Mercedes Benz, SAP, MERCK, Continental, Daimler Truck, FESTO, Siemens Healthineers, Bosch Global Software Technologies, Infineon തുടങ്ങിയ മുൻനിര ജർമ്മൻ കമ്പനികളിൽ നിന്നുള്ള സിഇഒമാരും സീനിയർ എക്സിക്യൂട്ടീവുകളും പങ്കെടുത്തിരുന്നു.’ഇന്ത്യക്ക് എങ്ങനെ ഒരു ആഗോള ഉൽപ്പന്ന വികസന ഹബ്ബായി മാറാൻ കഴിയും’ എന്ന തലക്കെട്ടിലുള്ള നോളഡ്ജ് പേപ്പറിന്റെ പ്രകാശനമാണ് സമ്മേളനത്തിന്റെ പ്രധാന ആകർഷണം .
അതുപോലെ കഴിഞ്ഞ ഓഗസ്റ്റ് 13-ന് തമിഴ്‌നാട്ടിലെ സിലൂരിൽ തരംഗ് ശക്തി എന്ന സംയുക്ത വ്യോമാഭ്യാസത്തിൽ ജർമ്മൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ പങ്കെടുത്തിരുന്നു. നാറ്റോ പങ്കാളികളായ ഫ്രാൻസ്, സ്പെയിൻ, യുകെ എന്നിവയ്‌ക്കൊപ്പം ജർമ്മനിയുടെ വ്യോമസേനയും തരംഗ്ശക്തി അഭ്യാസത്തിൽ പങ്കെടുത്തു . ഇന്ത്യയുമായി ജർമ്മൻ സൈന്യം നടത്തുന്ന ആദ്യ വ്യോമാഭ്യാസം കൂടിയാണ് തരംഗ ശക്തി. “സുരക്ഷിതവും സമൃദ്ധവുമായ ഇന്തോ-പസഫിക്കിനായുള്ള അടുത്ത ഘട്ട സൈനിക സഹകരണം,” എന്നാണ് അംബാസഡർ അക്കർമാൻ തരംഗ് ശക്തിയെ വിശേഷിപ്പിച്ചത്