Tuesday, January 21, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷ പരസ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷ പരസ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷ പരസ്യപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകള്‍ നയിക്കുന്ന വികസന മാതൃകയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ തനിക്ക് ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം.

‘രാജ്യത്തെ പ്രതിരോധ മേഖലകള്‍ ഏതുമാകട്ടെ ശക്തമായ സ്ത്രീ സാന്നിധ്യം വ്യക്തമാണ്. എന്നാല്‍ മറുഭാഗത്ത് മറ്റ് ചില അനിഷ്ട സംഭവങ്ങളും ഉയര്‍ന്നുവരികയാണ്. ഇന്ന് ചെങ്കോട്ടയില്‍ വെച്ച് ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. ഒരു സമൂഹമെന്ന നിലയില്‍, നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും മകള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ രോഷമുയരുകയാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം വേഗത്തിലാക്കണം. ഇത്തരം പൈശാചിക കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കണം, ശിക്ഷാവിധികള്‍ പൊതുജനത്തിന് മനസിലാകും വിധം പരസ്യപ്പെടുത്തുകയും വേണം, എന്നാല്‍ മാത്രമേ ഭയമുണ്ടാകൂ. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന ബോധ്യമുണ്ടാക്കണം. ഭയമുണ്ടാകേണ്ടത് അനിവാര്യമാണ്’- നരേന്ദ്ര മോദി പറഞ്ഞു.

രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ‘വികസിത ഭാരതം-2047’ എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്നുവരുന്ന പ്രകൃതി ദുരന്തങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ദുരന്തബാധിതരെ വേദനയോടെ ഓര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യം അതിന്റെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ ജനങ്ങള്‍ പതുക്കെ നടക്കാനല്ല കുതിച്ചുചാട്ടം നടത്താനുള്ള മാനസികാവസ്ഥയിലാണ്. ഈ അവസരം പാഴാക്കരുത്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ വികസിത് ഭാരത് 2047 എന്ന സ്വപ്‌നം നേടിയെടുക്കാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു. രാജ്യത്ത് മതേതര സിവില്‍ കോഡ് ഉണ്ടാകേണ്ടത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ മതാടിസ്ഥാനത്തിലുള്ള വിവേചനങ്ങളില്‍ നിന്നും മുക്തരാകാനാകൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.അതേസമയം പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനാ ശില്‍പി അംബേദ്കര്‍ എഴുതിയ സിവില്‍ കോഡുകള്‍ എങ്ങനെ മതപരമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ചോദിച്ചു. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിക്ക് ഇത് എങ്ങനെയാണ് പറയാന്‍ കഴിയുകയെന്നും പ്രധാനമന്ത്രി തന്റെ സ്ഥാനത്തെ ബഹുമാനിക്കണമെന്നും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com