തിരുവനന്തപുരം: പാർട്ടി ഫണ്ടിന് ഇ.ഡി പൂട്ടിട്ടതോടെ പ്രചാരണത്തിന് പണമില്ലാതെ കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനശേഷം വന്ന കേന്ദ്രത്തിന്‍റെ കടുംവെട്ട് പാർട്ടിയെ മുമ്പില്ലാത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്.
തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഹൈകമാൻഡ് വകയായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന സ്ഥിതിയാണ്. മുൻവർഷങ്ങളിൽ സ്ഥാനാർഥികൾക്ക് നിശ്ചിത തുക ഹൈകമാൻഡ് നൽകിയിരുന്നു. പ്രതിസന്ധി മറികടക്കാൻ ജനങ്ങളിലേക്കിറങ്ങാനാണ് കോൺഗ്രസ് തീരുമാനം.
തിങ്കളാഴ്ച ചേർന്ന കെ.പി.സി.സി പ്രചാരണ സമിതി യോഗം ഇക്കാര്യം ചർച്ച ചെയ്തു. പ്രതിപക്ഷത്തിന്‍റെ കൈകൾ കെട്ടിയിട്ട കേന്ദ്ര നടപടി ജനങ്ങളോട് വിശദീകരിക്കാനും അവരുടെ പിന്തുണ തേടാനുമാണ് തീരുമാനം. മണ്ഡലംതലത്തിൽ കൂപ്പൺ അടിച്ച് പിരിവ് നടത്താൻ കെ.പി.സി.സി താഴേത്തട്ടിലേക്ക് നിർദേശം നൽകി.
മണ്ഡലം തലങ്ങളിൽ പ്രചാരണത്തിനുള്ള പണം കൂപ്പൺ പിരിവിലൂടെയും സ്ഥാനാർഥികൾ സ്വന്തംനിലയിലും കണ്ടെത്താനാണ് നിർദേശം. ഇതോടൊപ്പം മണി ചാലഞ്ച് നടത്താനും നേതൃത്വം ആലോചിക്കുന്നുണ്ട്.