തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരിക്കും.
തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.