സ്റ്റോക്ക്ഹോം ∙ മങ്കിപോക്സിന്റെ (എംപോക്സ്) അതീവ ഗുരുതരമായ വകഭേദം സ്വീഡനില്‍ സ്ഥിരീകരിച്ചതോടെ യൂറോപ്പില്‍ ആകമാനം ജാഗ്രത. സ്വീഡന്റെ ആരോഗ്യ സാമൂഹികകാര്യ വകുപ്പു മന്ത്രി ജേക്കബ് ഫോഴ്സ്മെഡാണ് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചത്. എംപോക്സ് യൂറോപ്യന്‍ വന്‍കരയ്ക്കു ഭീഷണിയാകാനുള്ള സാധ്യതയാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്. സ്വീഡനിലെ രോഗി ആഫ്രിക്കയിലെ എംപോക്സ് ബാധിതമായ മേഖല സന്ദര്‍ശിച്ചതാണ് രോഗബാധയ്ക്കു കാരണമെന്നാണ് സൂചന. രോഗിക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽ കേസുകൾ ഒന്നുമില്ലെങ്കിലും ഏറ്റവുമധികം രാജ്യാന്തര യാത്രക്കാരെത്തുന്ന രാജ്യങ്ങളിൽ ഒന്നെന്ന നിലയിൽ ഇന്ത്യയിലും ജാഗ്രത ആരംഭിക്കുമെന്നാണു സൂചന. ആഫ്രിക്കന്‍രാജ്യങ്ങളില്‍ എംപോക്സ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടന ബുധനാഴ്ച ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.