തിരുവന്തപുരം: കാഫിർ പോസ്റ്റ് വിവാദത്തിൽ ഇടതുമുന്നണി വെട്ടിലായതോടെ ഒടുവിൽ വിശദീകരണവുമായി സിപിഎം. വടകരയിൽ യുഡിഎഫിന്റെ തെറ്റായ പ്രചരണത്തിന്റെ ഭാഗമായി ഉയർന്നുവന്ന ഒരു പ്രത്യേക സംസ്കാരമാണ് പോസ്റ്ററിലേക്ക് നയിച്ചതെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. കാഫിർ വിവാദത്തിൽ സിപിഎം പ്രവർത്തകരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമായ സാഹചര്യത്തിലാണ് യുഡിഎഫിനെ പഴിച്ച് ന്യായീകരിക്കാനുള്ള ശ്രമവുമായി എംവി ഗോവിന്ദൻ എത്തിയത്.
കാഫിർ പോസ്റ്റർ വിവാദം ഒറ്റപ്പെട്ട സംഭവമെന്ന് ചിലർ പ്രചരണം നടത്തുന്നു. ഇതിനെക്കുറിച്ച് പറയുമ്പോൾ കെകെ ശൈലജക്കെതിരായി തുടക്കത്തിൽ നടന്ന സംഭവങ്ങളും ചർച്ച ചെയ്യണം. വടകരയിലേക്ക് തിരഞ്ഞെടുപ്പിലേക്ക് ഷാഫി പറമ്പിൽ വന്നപ്പോൾ തന്നെ പല പ്രശ്നങ്ങളുമുണ്ടായി. മുസ്ലിംങ്ങൾ തീവ്രവാദികളാണെന്ന് ശൈലജ ടീച്ചർ പറഞ്ഞുവെന്ന പ്രചാരണം നടത്തി.
വടകരയിലെ ഇലക്ഷൻ പ്രചാരണം ആരംഭിച്ചപ്പോൾ കോൺഗ്രസ് പയറ്റിയ പ്രത്യേക രീതിയുടെ പ്രതിഫലനമായാണ് കാഫിർ വിവാദത്തെ കാണേണ്ടത്. കാന്തപുരത്തിന്റെ ലെറ്റർപാഡ് വ്യാജമായി നിർമ്മിച്ച് പ്രചരണം നടത്തി. യുത്ത് ലീഗ് പ്രവർത്തകരാണ് ഇത് ചെയ്തത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട ആർഎസ്എസിന്റെ നിലപാടാണ് ശൈലജയ്‌ക്കുള്ളതെന്ന് പ്രചരിപ്പിച്ചു. പാനൂർ ബോംബ് കേസിലെ പ്രതികൾക്കൊപ്പം ടീച്ചർ നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിച്ചു. ടീച്ചറുടെ ബൈറ്റുകളും ഇന്റർവ്യൂവും തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു. നവമാധ്യമങ്ങളിൽ നടക്കുന്ന കള്ള പ്രചാരണങ്ങളെ തുറന്നു കാട്ടണം.
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിൽ പോലും ഉറച്ച നിലപാട് സ്വീകരിച്ചത് സിപിഎം ആണ്. ഭൂരിപക്ഷ വർഗീയതയെയും ന്യുനപക്ഷ വർഗീയതയെയും സിപിഎം എതിർക്കുന്നു. വ്യാജ പോസ്റ്ററും വ്യാജ ഐഡി കാർഡ് നിർമ്മിക്കുന്നതും ആരാണെന്ന് യൂത്ത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളം കണ്ടതാണ്. കാഫിർ പരാമർശത്തിൽ ആദ്യം പരാതി നൽകിയത് എൽഡിഎഫാണ്. യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണം.
പോരാളി ഷാജിയല്ല ഇടതുപക്ഷം. സിപിഎം ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കില്ല. സിപിഎം തള്ളിപ്പറഞ്ഞ ചില നവമാധ്യമ ഗ്രൂപ്പുകളെ മുൻനിർത്തിയാണ് ഇടതുപക്ഷത്തെ ആക്രമിക്കുന്നത്. ഏതുരീതിയിലുള്ള അന്വേഷണവും നടക്കട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കെ.കെ ലതിക കാഫിർ പോസ്റ്റർ പങ്കുവച്ചതിനെയും ഗോവിന്ദൻ ന്യായീകരിച്ചു. പോസ്റ്റർ പ്രചരിപ്പിക്കാനല്ല കെ.കെ ലതിക ശ്രമിച്ചത്. ഇത്തരത്തിൽ ചില പ്രചരണങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ടെന്ന് കാണിക്കാനാണ് ലതിക ശ്രമിച്ചത്. കെ.കെ ലതികയുടെ ഉദ്ദേശ്യശുദ്ധിയെ തെറ്റായ രീതിയിൽ വ്യാഖാനിച്ചുവെന്നും ഗോവിന്ദൻ പറഞ്ഞു.
ആരെങ്കിലും ഒറ്റയ്‌ക്ക് അഭിപ്രായം പറയുന്നതല്ല പാർട്ടി നിലപാടെന്നും സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു. കാഫിർ പോസ്റ്റിട്ടതിനെതിരെ കെ.കെ ശൈലജയും എം.വി ജയരാജനും വിമർശിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് അത് സിപിഎം നിലപാടല്ലെന്ന് സെക്രട്ടറി വ്യക്തമാക്കിയത്. കാഫിർ വിവാദത്തിൽ അകപ്പെട്ട ഇടതുനേതാവ് റിബേഷിനോട് സമയമാകുമ്പോൾ പാർട്ടി ചോദിക്കുമെന്നും ആദ്യം ഉറവിടം പുറത്തുവരട്ടെയെന്നുമം ഗോവിന്ദൻ പറഞ്ഞു.