തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കെപിസിസി ഒമ്പതംഗ കമ്മിറ്റി രൂപീകരിച്ചു. കോണ്‍ഗ്രസ് നടത്തുന്ന ധനസമാഹരണ യജ്ഞത്തിനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിനാണ് കമ്മിറ്റി രൂപീകരിച്ചത്.
കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, എ പി അനില്‍കുമാര്‍ എംഎല്‍എ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ്, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, വയനാട് ഡിസിസി അദ്ധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്ത് എന്നിവരാണ് കമ്മറ്റി അംഗങ്ങളെന്ന് ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.
ദുരിതാശ്വാസ പുനരധിവാസ നടപടികൾക്കായി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളിൽ നിന്ന് പണം സമാഹരിക്കാൻ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ പണം എത്തിക്കേണ്ടത്.
പ്രദേശത്ത് കോണ്‍ഗ്രസ് 100ലധികം വീട് വെച്ചു നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ദുരന്ത ഭൂമിയിലേക്ക് ആര്‍ക്കും തിരിച്ചു പോകേണ്ട എന്നാണ് പറയുന്നത്. സുരക്ഷിതമായ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. ഇതിന് സര്‍ക്കാരുമായി ചര്‍ച്ച നടത്തും. ദുരന്തം പ്രത്യേകം പരിഗണിക്കേണ്ട വിഷയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.