മുംബൈ: വിപണിമൂല്യത്തിൽ റെക്കോഡിട്ട് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ഇന്ത്യൻ ഓഹരി വിപണിയില 20 ലക്ഷം കോടി പിന്നിടുന്ന ആദ്യ കമ്പനിയായി റിലയൻസ് മാറി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ റിലയൻസിന്റെ വില ഇന്ന് 1.89 ശതമാനം വർധിച്ച് 52 ആഴ്ചക്കിടയിലെ ഉയർന്ന നിലവാരത്തിലേക്ക് എത്തിയിരുന്നു. ഇതോടെയാണ് വിപണിമൂല്യത്തിൽ 20 ലക്ഷം കോടിയെ റെക്കോഡിലേക്ക് റിലയൻസ് എത്തിയത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ റിലയൻസിന്റെ വിപണിമൂല്യം ഒരു ലക്ഷം കോടി ഉയർന്നിരുന്നു. ജനുവരി 29ന് റിലയൻസിന്റെ വിപണിമൂല്യം 19 ലക്ഷം കോടിയിലെത്തിയിരുന്നു. ഈ വർഷത്തെ കണക്കെടുക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ് റിലയൻസ് ഇൻഡസ്ട്രീസ്. 2005ലാണ് റിലയൻസിന്റെ വിപണിമൂല്യം ഒരു ലക്ഷം കോടിയിലേക്ക് എത്തിയത്. 2019 നവംബറിൽ കമ്പനി ഓഹരികളുടെ വിപണിമൂല്യം 19 ലക്ഷം കോടി പിന്നിട്ടു.15 ലക്ഷം കോടി വിപണിമൂല്യത്തോടെ ടി.സി.എസാണ് റിലയൻസിന് തൊട്ടുപിന്നിലുള്ള കമ്പനി. 10.5 ലക്ഷം വിപണിമൂല്യവുമായി എച്ച്.ഡി.എഫ്.സി ബാങ്കും ഏഴ് ലക്ഷം കോടി വിപണിമൂല്യവുമായി ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ കമ്പനികളും ഉയർന്ന വിപണിമൂല്യമുള്ള കമ്പനികളുടെ പട്ടികയും ഉൾപ്പെട്ടിട്ടുണ്ട്.