Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാതൽ സിനിമയ്ക്കെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി ജാഗ്രതാ കമ്മീഷൻ; അവാർഡ് നൽകിയതിന് സർക്കാരിനും വിമര്‍ശനം

കാതൽ സിനിമയ്ക്കെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി ജാഗ്രതാ കമ്മീഷൻ; അവാർഡ് നൽകിയതിന് സർക്കാരിനും വിമര്‍ശനം

കൊച്ചി:മികച്ച ചിത്രത്തിനുളള സംസ്ഥാന അവാർഡ് നേടിയ കാതൽ സിനിമയ്ക്കെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി ജാഗ്രതാ കമ്മീഷൻ. സ്വവർഗബന്ധങ്ങളെ കത്തോലിക്കാ സഭയും പോപും അംഗീകരിച്ചു എന്ന പ്രചരണം വസ്തുത വിരുദ്ധമാണെന്നും എന്നാൽ വ്യക്തികളെ അവരുടെ ലൈംഗിക ആഭിമുഖ്യങ്ങളുടെ അടിസ്ഥാനത്തിൽ  ഒറ്റപ്പെടുത്താതെ കാരുണ്യത്തോടെ ഉൾക്കൊള്ളുന്ന സമീപനമാണ് സഭയുടേതെന്നും കെസിബിസി ജാഗ്രതാ കമ്മീഷൻ ഫേയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

കാതൽ സിനിമയുടെ പ്രമേയത്തിലെ അപകടങ്ങളെ കമ്മീഷൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ റിലീസ് ചെയ്തപ്പോഴും അവാർഡ് ലഭിച്ചപ്പോഴും ഇതേ നിലപാടാണ് സ്വീകരിച്ചത്. മികച്ച സംസ്ഥാന സിനിമക്കുള്ള അവാര്‍ഡ് നല്‍കിയപ്പോഴും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു. ഇനിയും ഇത്തരം വിഷയങ്ങളിൽ സഭാ പ്രബോധനങ്ങൾക്കനുസൃതമായ നിലപാട് സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. കെസിബിസി ജാഗ്രത കമ്മീഷൻ നിലപാടിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണം.

മികച്ച സിനിമയായി പരിഗണിക്കാൻ കഴിയുന്ന ഒട്ടേറെ ചലച്ചിത്രങ്ങൾ ഉണ്ടായിരിക്കെ, സ്വവർഗ്ഗാനുരാഗത്തിനുവേണ്ടി വാദിക്കുന്ന ഒരു ചലച്ചിത്രത്തിന് മികച്ച ചലച്ചിത്രമെന്ന ബഹുമതി നൽകിയ സംസ്ഥാന സർക്കാർ ഈ സമൂഹത്തിന് നൽകുന്ന സന്ദേശം എന്തെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസമിട്ട പോസ്റ്റിലും കെസിബിസി ജാഗ്രതാ സമിതി വിമര്‍ശനം ഉന്നയിച്ചിരുന്നു.

കെസിബിസി ജാഗ്രതാ കമ്മീഷന്‍റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍
പുരോഗമനവാദികൾ എന്ന് അവകാശപ്പെടുന്ന ചില  പ്രസ്ഥാനങ്ങളും മാധ്യമപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നവരുമായ ഏതാനും  വ്യക്തികളും സ്വവർഗബന്ധങ്ങളെ കത്തോലിക്കാ സഭ അംഗീകരിച്ചു,ഫ്രാൻസീസ് മാർപാപ്പ അംഗീകരിച്ചു എന്നൊക്കെ വാദിച്ച് വ്യാപകമായ തെറ്റിദ്ധാരണ സമൂഹത്തിൽ പ്രചരിപ്പിക്കുകയാണ്.സ്വവർഗ ബന്ധങ്ങളെ തികച്ചും സ്വാഭാവികമായ  ബന്ധങ്ങൾ എന്ന നിലയിൽ അവതരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ‘കാതൽ ദ കോർ’ എന്ന സിനിമയുടെ പ്രമേയത്തിലെ അപകടങ്ങളെ കത്തോലിക്കാ സഭയുടെ ധാർമിക – ദൈവശാസ്ത്ര  പ്രബോധങ്ങളുടെ വെളിച്ചത്തിൽ സിനിമ റിലീസ് ചെയ്തപ്പോഴും ഇപ്പോൾ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കിട്ടിയപ്പോഴും കെസിബിസി ജാഗ്രത കമ്മീഷൻ തുറന്നുകാട്ടിയിരുന്നു. ഇനിയും ഇത്തരം വിഷയങ്ങളിൽ സഭാ പ്രബോധനങ്ങൾക്കസൃതമായ നിലപാട് കമ്മീഷൻ സ്വീകരിക്കും.

വ്യക്തികളെ അവരുടെ ലൈംഗിക ആഭിമുഖ്യങ്ങളുടെ അടിസ്ഥാനത്തിൽ  ഒറ്റപ്പെടുത്താതെ, വിഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളുള്ള വ്യക്തികളെയും കാരുണ്യത്തോടെ ഉൾക്കൊള്ളുന്ന സമീപനം സഭ സ്വീകരിക്കുന്നു. കൂദാശാപരമല്ലാത്ത ആശീർവാദം അവർ ആഗ്രഹിക്കുന്നെങ്കിൽ, മറ്റുള്ളവർക്ക് ഉതപ്പ് നൽകാത്ത രീതിയിൽ അത് നല്കാൻ പോലും സഭ വൈദികർക്ക് അനുവാദം നല്കിയിട്ടുണ്ട്.  ഈ സമീപനം സഭ സ്വീകരിക്കുന്നു എന്നതിനാൽ വിഭിന്ന ലൈംഗിക അഭിമുഖ്യങ്ങളെ സഭ അംഗീകരിക്കുന്നു എന്നു ചിലർ തെറ്റിദ്ധരിക്കുന്നു, ആ രീതിയിൽ വ്യാപകമായ പ്രചാരണം ഉണ്ടായിട്ടുണ്ട്. വാസ്തവം എന്താണ്? സഭ ഇതുവരെയും സ്വവർഗബന്ധത്തെയും സ്വവർഗ്ഗ ലൈംഗിക പ്രവൃത്തികളെയും അംഗീകരിച്ചിട്ടില്ല.

ഇത്തരം ബന്ധങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുമില്ല. ഇത്തരം വിഷയങ്ങളിൽ കത്തോലിക്കാ സഭയുടെ നിലപാടുകൾക്ക് യാതൊരു മാറ്റവും ഇന്നോളം സംഭവിച്ചിട്ടില്ല എന്നുള്ളതാണ് വസ്തുതയെന്നും  കാലാനുസൃതമായ വിശദീകരണങ്ങൾ പലപ്പോഴായി നൽകിയിട്ടുള്ളതിനെ സ്ഥാപിത താൽപ്പര്യങ്ങളോടെ ചിലർ വളച്ചൊടിച്ച് അവതരിപ്പിക്കുന്നത് അനേകരിൽ തെറ്റിദ്ധാരണകൾ സൃഷ്ടിച്ചിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്.
-കെസിബിസി ജാഗ്രതാ കമ്മീഷൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments