പാലക്കാട്: ഗുരുതര കണ്ടെത്തലുകള്‍ക്കും പാർട്ടി അച്ചടക്ക നടപടിക്കും പിന്നാലെ കെടിഡിസി ചെയര്മാൻ സ്ഥാനം പി കെ ശശി ഇന്ന് രാജിവെക്കും. രാജികത്ത് വൈകീട്ടോടെ കൈമാറും. ഔദ്യോഗിക വാഹനവും കൈമാറും. പി കെ ശശിക്കെതിരെ സിപിഐഎം അന്വേഷണ കമ്മീഷന് നടത്തിയ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പ്രധാന കണ്ടെത്തല്‍.
കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്ന് സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും പി കെ ശശിയെ ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ഇനി പ്രാഥമിക അംഗത്വം മാത്രമാകും ശശിക്ക് ഉണ്ടാകുക.
പി കെ ശശിയുടെ പ്രവര്‍ത്തനം പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെയാണെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ സഹകരണ കോളേജിനായി പണം പിരിച്ചത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നും പാര്‍ട്ടി വിമര്‍ശിച്ചു.