തിരുവനന്തപുരം: കഴക്കൂട്ടത്ത് 13കാരിയെ കഴിഞ്ഞ 12 മണിക്കൂറായി കാണ്‍മാനില്ല. അസം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസിക്കുകയും ചെയ്യുന്ന അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീത്ത് തംസത്തെയാണ് ഇന്ന് രാവിലെ 10 മണി മുതല്‍ കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്ന് കാണാനില്ലാത്തത്. അയല്‍വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്.
തുടര്‍ന്ന് മാതാപിതാക്കള്‍ കഴക്കൂട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു. ബാഗില്‍ വസ്ത്രങ്ങള്‍ എടുത്താണ് കുട്ടി പോയിരിക്കുന്നത്. ഒരു മാസം മുമ്പാണ് കുട്ടി കേരളത്തിലേക്ക് എത്തിയത്. ആസമീസ് ഭാഷയല്ലാതെ മറ്റ് ഭാഷകളൊന്നും അറിയില്ല. ഇപ്പോള്‍ പ്രദേശത്ത് പൊലീസ് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിവരികയാണ്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497960113 എന്ന നമ്പറില്‍ ഉടന്‍ തന്നെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.