മലപ്പുറം∙ എസ്‌പി എസ്.ശശിധരനെ വിമർശിച്ചതിന് മാപ്പ് പറയില്ലെന്ന് നിലമ്പൂർ എംഎൽഎ പി.വി.അൻവർ. ‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറത്തിന്റെ മാപ്പുണ്ട്, ഇനിയും വേണോ മാപ്പെന്നും’ സമൂഹമാധ്യമത്തിൽ അൻവർ പരിഹസിച്ചു. മാപ്പ് പറയണമെന്ന ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എസ്‌പി എസ്.ശശിധരന്‍ നമ്പർവൺ സാഡിസ്റ്റാണെന്നും ഇഗോയിസ്റ്റിക്കാണെന്നും അൻവർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം നല്ല ഓഫിസറല്ലെന്നും പൂജ്യം മാർക്കാണ് അദ്ദേഹത്തിന് ഇടാനുള്ളതെന്നും വിമർശിച്ചു. മലപ്പുറത്തെ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ എസ്‌പി വേദിയിലിരിക്കുമ്പോഴായിരുന്നു വിമർശനം. സർക്കാർ ഭവനപദ്ധതിക്ക് മണ്ണെടുക്കാൻ അനുവദിക്കാത്തതും പെറ്റിക്കേസുകൾ വർധിപ്പിച്ചതും തന്റെ പാർക്കിൽനിന്നു മോഷണം നടത്തിയവരെ പിടികൂടാത്തതുമാണ് എംഎൽഎയെ ചൊടിപ്പിച്ചത്.
എല്ലാ ഐപിഎസുകാരെയും വിമർശിച്ചിട്ടില്ലെന്നും നിരവധി മികച്ച ഐപിഎസ് ഉദ്യോഗസ്ഥരുണ്ടെന്നും അന്‍വർ പറഞ്ഞു. ‘‘ മാപ്പ് പറയുന്നത് എന്തിനാണ്. തെറ്റ് ബോധ്യപ്പെടുമ്പോഴാണ് മാപ്പ് പറയുന്നത്. ഞാൻ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിേയഷൻ പറയുമെന്ന് തോന്നുന്നില്ല. പറഞ്ഞിട്ടുണ്ടെങ്കിൽ കാര്യങ്ങൾ അറിയാതെയാണ്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു. എസ്‌പിയാണ് ജനങ്ങളോട് മാപ്പ് പറയേണ്ടത്. എസ്‌പി വന്ന നാൾ മുതൽ കാണിക്കുന്ന പ്രവർത്തനങ്ങൾ അംഗീകരിക്കില്ല’’–അൻവർ പറഞ്ഞു.
ചില പൊലീസുകാർക്ക് എംഎൽഎമാരെയും മന്ത്രിമാരെയും പുച്ഛമാണ്. അങ്ങനെ ഒരു സംസ്കാരം വളർന്നു വരുന്നുണ്ട്. ജനങ്ങൾ തിരഞ്ഞെടുക്കുന്നവർ പണി നോക്കട്ടെ, ഞങ്ങളാണ് വലുത് എന്ന സംസ്കാരം പൊലീസിൽ വളർത്തിയെടുക്കുന്നു. അതിൽ പ്രധാനിയാണ് ഇദ്ദേഹം. അത് അംഗീകരിക്കാൻ കഴിയില്ല. ജനപ്രതിനിധികളെ ബഹുമാനിക്കണം. ഇയാൾ ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയെയും തള്ളിപ്പറയും. ആ സംസ്കാരത്തിന്റെ ഉടമയാണ്. എസ്‌പി എസ്.ശശിധരൻ പല മുതിർന്ന ഉദ്യോഗസ്ഥരെയും തെറ്റിദ്ധരിപ്പിക്കുകയാണ്. ജില്ലയിലെ സംവിധാനത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടാണ് കൊടുക്കുന്നത്. കീഴ്‌ജീവനക്കാരെ കണ്ണീർ കുടിപ്പിക്കുന്നു. മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല. പറയേണ്ട ഘട്ടമെത്തുമ്പോൾ പറയുമെന്നും പി.വി.അൻവർ പറഞ്ഞു.