വടകര: വടകര ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ കാഫിര്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അന്വേഷണത്തിൽ വീഴ്ച്ചയുണ്ടെന്ന് കാണിച്ച് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി. ഡിവൈഎഫ്‌ഐ നേതാവ് റിബേഷിന്റെ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും സ്‌ക്രീന്‍ഷോട്ട് റിബേഷ് തന്നെയാണോ നിര്‍മ്മിച്ചതെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ കുറ്റക്കാരാണെന്ന് കണ്ടെത്താൻ പറ്റുകയുള്ളൂ എന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതിനായി വാട്‌സാപ്പിനോട് വിവരങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഹര്‍ജിക്കാരനായ പി കെ ഖാസിമിനെതിരെയും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പി കെ ഖാസിമിന്റെ പേരില്‍ 9 മൊബൈല്‍ ഫോണ്‍ നമ്പറുകളുണ്ടെന്നും ഈ നമ്പറുകളിലായി എത്ര വാട്‌സ് ആപ് ഗ്രൂപ്പുകള്‍ ഉണ്ടെന്നുള്ള അന്വേഷണം നടക്കുകയാണെന്നും സർക്കാർ അറിയിച്ചു.
നേരത്തെ കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്നും തൻ്റെ പരാതിയില്‍ പൊലീസ് കേസെടുത്തില്ല എന്നും കുറ്റപ്പെടുത്തി ഹർജിക്കാരനായ പി കെ ഖാസിം ഹൈക്കോടതിയിൽ സത്യാവാങ്‌മൂലം സമർപ്പിച്ചിരുന്നു. ഹർജിക്കാരനായ പി കെ ഖാസിം സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് പൊലീസിനെതിരെയും സർക്കാരിനെതിരെയും ഗുരുതര ആരോപണമുള്ളത്. കേസിൽ വടകര പൊലീസ് ചുമത്തിയത് ദുര്‍ബ്ബലമായ വകുപ്പുകളാണെന്നും മതസ്പര്‍ദ്ദ വളര്‍ത്തിയതിനും വ്യാജരേഖ ചമച്ചതിനുമുള്ള കുറ്റം ചുമത്തിയില്ല എന്നും ഹർജിക്കാരൻ ആരോപിച്ചു.
കുറ്റകൃത്യം ചെയ്തവരോട് വടകര പൊലീസിന് ദാസ്യ സമീപനമാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഇടത് സൈബര്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ വടകര പൊലീസ് പ്രതി ചേര്‍ത്തില്ല എന്നും വ്യാജ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി പ്രചരിപ്പിച്ചവരെ പൊലീസ് സാക്ഷികളാക്കി എന്നും ഹർജിക്കാരൻ സമർപ്പിച്ച മറുപടി സത്യാവാങ്മൂലത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം കേസിൽ പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് സിപിഐഎം പ്രവർത്തകർ തന്നെയെന്ന് പൊലീസ് പറഞ്ഞപ്പോഴും, അത് യുഡിഎഫ് സൃഷ്ടിയാണെന്ന ഉറച്ച നിലപാടിലായിരുന്നു സിപിഐഎം. യുഡിഎഫ് ക്യാമ്പുകളിൽ നിർമിച്ച പോസ്റ്റർ അബന്ധത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷെയർ ചെയ്യുകയായിരുന്നുവെന്നും സിപിഐഎം പ്രതിരോധം തീർക്കുന്നു.