കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപനെതിരെ വീണ്ടും ഫ്ളക്സ് ബോർഡുകൾ. കോഴിക്കോട് നഗരത്തിലാണ് ഇത്തവണ ഫ്ളക്സ് ബോർഡുകൾ ഉയർന്നത്. ചതിയൻ ടിഎൻ പ്രതാപനെ മലബാറിന് വേണ്ടെന്നാണ് ബോർഡിലുള്ളത്. തൃശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകനാണ് ടി എൻ പ്രതാപൻ എന്നും ‘കോൺഗ്രസ് പോരാളികൾ’ എന്ന പേരിൽ സ്ഥാപിച്ച ഫ്‌ളക്സിലുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ടി എൻ പ്രതാപനാണ് മലബാറിന്റെ ചുമതല നൽകിയിട്ടുള്ളത്. ഇതിലുള്ള പ്രതിഷേധമാണ് ബോർഡ് സ്ഥാപിക്കാൻ കാരണമെന്നാണ് കരുതപ്പെടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംപി ടിഎൻ പ്രതാപനെ മാറ്റിയായിരുന്നു കെ മുരളീധരനെ സ്ഥാനാർഥിയാക്കിയത്. എന്നാൽ, കെ മുരളീധരന് തൃശ്ശൂരിൽ ലഭിച്ചത് മൂന്നാം സ്ഥാനം മാത്രമായിരുന്നു. ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി മണ്ഡലത്തിൽ നിന്നും വിജയിക്കുകയും ചെയ്തു. മുരളീധരന്റെ തോൽവിയോടെ ടിഎൻ പ്രതാപനെതിരേ പാർട്ടിക്കുള്ളിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. കേരളത്തിന്റെ പലയിടങ്ങളിലും മുരളീധരൻ അനുകൂല പോസ്റ്ററുകളും ടി എൻ പ്രതാപനെ വിമർശിച്ചുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.