ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. നിശ്ശബ്ദത പരിഹാരമാകില്ലെന്നും അദ്ദേഹത്തിന്റെ പോസ്റ്റിൽ എടുത്തുപറയുന്നു.”ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നു. നിശ്ശബ്ദത ഇതിനു പരിഹാരമാകില്ല.”
റിപ്പോർട്ടിലൂടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടും മുഖ്യധാര സിനിമാക്കാരിൽ വലിയൊരു വിഭാഗം മൗനം തുടരുന്ന പശ്ചാത്തലത്തിലാണ് ലിജോയുടെ ‘നിശ്ശബ്ദത ഇതിനു പരിഹാരമാകില്ലെന്ന’ പ്രതികരണം ചേർത്ത് വായിക്കപ്പെടുന്നത്.താരസംഘടനയായ ‘അമ്മ’ ഉൾപ്പെടെ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിഷയം പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് സെക്രട്ടറി നടൻ സിദ്ധീഖ് പ്രതികരിച്ചത്.
റിപ്പോർട്ട് പുറത്തുവന്നിട്ടും കേസെടുക്കാൻ തയാറാകാത്തതിൽ ഡബ്ല്യു.സി.സി (വിമൻ ഇൻ സിനിമ കലക്ടിവ്) ഉൾപ്പെടെയുള്ളവർ കനത്ത വിമർശനമാണ് ഉന്നയിച്ചത്. മാത്രമല്ല, സിനിമ മേഖലയിലെ ഭാവി നയം രൂപീകരിക്കാൻ വേണ്ടിയെന്ന് സർക്കാർ അവകാശപ്പെടുന്ന ദേശീയ കോൺക്ലേവിനെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇരകളേയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് നടി പാര്‍വതി തിരുവോത്ത് കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ വിനയനും രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്ക് പേജിലൂടെയാണ് വിനയൻ കുറിപ്പ് പങ്കുവെച്ചത്.‘ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിയിൽവന്ന സാഹചര്യത്തിൽ മലയാള സിനിമയെ നിയന്ത്രിക്കുന്ന പ്രമുഖരേ.. ദയവായി നിങ്ങളുടെ മനഃസാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ… നിങ്ങളുടെ മുഖം വികൃതമല്ലേ…? സിനിമാരംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകളെ ചൂഷണം ചെയ്യാതെ സംരക്ഷിക്കേണ്ടതിന്റെ കടമ സംഘടനകൾക്കാണ്. അതിലവർ എടുക്കുന്ന നിലപാടുകൾ ഏമാനെ സുഖിപ്പിക്കുന്നതാകരുത്. സ്ത്രീ സുരക്ഷപോലെ ഗൗരവതരമാണ് തൊഴിൽ വിലക്കിന്റെ മാഫിയാവത്കരണവും. വിമർശിച്ചതിന്റെ പേരിൽ 12 വർഷത്തോളം എന്നെ വിലക്കി നശിപ്പിച്ചവരാണു നിങ്ങൾ.
എന്നെ അനുകൂലിച്ചെന്ന് പറഞ്ഞ് തിലകനെയും നിങ്ങൾ വിലക്കി. ഏതു പ്രമുഖന്റെയും മുഖത്തുനോക്കി കാര്യങ്ങൾ തുറന്നുപറയാൻ ജൂനിയർ ആർട്ടിസ്റ്റിനും ധൈര്യംകൊടുക്കുന്ന സംഘടനയെ തകർത്ത് നിങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന സംഘടന ഉണ്ടാക്കിയത് എന്തിനാണ്? അവിടെനിന്നല്ലേ ഈ തെമ്മാടിത്തങ്ങളുടെയും സിനിമ ഗുണ്ടായിസത്തിന്റെയും വേലിയേറ്റം തുടങ്ങിയത്?’ -ഇങ്ങനെ തുടരുന്നു വിനയൻ കുറിപ്പ്.