വരുന്ന ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതായി സ്ഥിരീകരിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും കശ്മീരില്‍ കൈകോര്‍ക്കുകയാണെന്നും സിപിഐഎമ്മും തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ഫറൂഖ് അബ്ദുള്ള അറിയിച്ചു. രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും ഫറൂഖ് അബ്ദുളളയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തീരുമാനം.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനാണ് സഖ്യം പ്രധാന പരിഗണന നല്‍കുകയെന്ന് ഫറൂഖ് അബ്ദുള്ള അറിയിച്ചു. ഞങ്ങളെ സംബന്ധിച്ച് സംസ്ഥാന പദവി പുനസ്ഥാപിക്കുകയെന്ന് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യമുണ്ടായതെന്നത് ഏറെ ശ്രദ്ധേയമാണ്. 2008ലാണ് ഇരുപാര്‍ട്ടികളും അവസാനമായി ഒരുമിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അന്ന് സഖ്യത്തിന് പിഡിപിയ്‌ക്കെതിരെ വിജയം നേടാനും ഒമര്‍ അബ്ദുള്ളയ്ക്ക് കശ്മീരിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകാനും സാധിച്ചിരുന്നു. ഇരുപാര്‍ട്ടികളും 2009ലും 2014ലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിച്ചിരുന്നു.
കശ്മീരിലെ ജനാധിപത്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെതിരെയാണ് തങ്ങള്‍ ഒരുമിച്ച് മത്സരിക്കുന്നതെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിക്കാനാകാത്ത വിധത്തില്‍ ശക്തമായ മുന്നേറ്റം നടത്തിയ ഇന്ത്യാ മുന്നണി നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയക്കുതിപ്പ് ആവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂട്ടിച്ചേര്‍ത്തു.