തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ കടുംവെട്ട്. വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ വെട്ടിമാറ്റിയ ശേഷമാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്.
21 പാരഗ്രാഫുകൾ നീക്കാനാണ് വിവരാവകാശ കമ്മീഷൻ നീക്കാൻ നിർദേശിച്ചത്. എന്നാൽ 129 പാരഗ്രാഫുകൾ വെട്ടിമാറ്റിയ ശേഷമാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. സ്വകാര്യതയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം.
നാലര വർഷം പൂഴ്ത്തിവച്ച റിപ്പോർട്ട്, സ്വകാര്യത വെളിവാക്കുന്ന വിവരങ്ങൾ മാറ്റിവച്ച ശേഷം നൽകാമെന്ന് വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനു പിന്നാലെയാണ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ഒടുവിൽ പുറത്തുവിടാൻ സർക്കാർ തയാറായത്. ഇതിൽ ചില ഭാഗങ്ങൾ വെട്ടിമാറ്റുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നു.
എന്നാൽ അപേക്ഷകരോട് പറയാത്ത മറ്റു ചില ഭാഗങ്ങൾക്കൂടി മാറ്റുകയായിരുന്നു. അതിപ്രശസ്തർ ലൈംഗിക പീഡനം നടത്തിയെന്ന ഭാഗത്തിന് ശേഷമുള്ള ഭാഗങ്ങളാണ് നീക്കിയത്. 49 മുതൽ 53 വരെയുള്ള പേജുകളാണ് ഒഴിവാക്കിയത്. ജൂലൈ 18ന് സാംസ്കാരിക വകുപ്പ് എസ്.പി.ഐ.ഒ ഇറക്കിയ ഉത്തരവിൽ ഈ ഭാഗങ്ങൾ നീക്കുമെന്ന് പറഞ്ഞിട്ടില്ല.