Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവ്യവസായി അനിൽ അംബാനിയെ ഓഹരി വിപണിയിൽ നിന്ന് അഞ്ചുവർഷത്തേക്ക് വിലക്കി സെബി

വ്യവസായി അനിൽ അംബാനിയെ ഓഹരി വിപണിയിൽ നിന്ന് അഞ്ചുവർഷത്തേക്ക് വിലക്കി സെബി

മുംബൈ: വ്യവസായി അനിൽ അംബാനിയെ ഓഹരി വിപണിയിൽ നിന്ന് അഞ്ചുവർഷത്തേക്ക് വിലക്കി സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). 2020ൽ സ്വയം പാപ്പരാണെന്ന് യു.കെ കോടതിയിൽ പ്രഖ്യാപിച്ച അനിൽ അംബാനി റിലയൻസ് ഹോം ഫിനാൻസിൽ നിന്ന് പണം വകമാറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക്. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ (ആർ.എച്ച്.എഫ്.എൽ) തലപ്പത്തുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങള്‍ക്കുമെതിരെയും നടപടിയുണ്ട്. റിലയൻസ് ഹോം ഫിനാൻസിന് ആറുമാസത്തെ വിലക്കും ആറു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വിലക്ക് നിലനിൽക്കുന്ന കാലയളവിൽ അംബാനിക്ക് സെക്യൂരിറ്റീസ് മാർക്കറ്റുമായി ബന്ധപ്പെടുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിലക്കിനെ തുടർന്ന് വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ ഉന്നത സ്ഥാനങ്ങൾ വഹിക്കാനോ അനിൽ അംബാനിക്ക് കഴിയില്ല.

വാർത്തയെ തുടർന്ന് അംബാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള റിലയൻസ് പവർ, റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ ഓഹരികൾ 14 ശതമാനം വരെ ഇടിഞ്ഞു. 2018-19 സാമ്പത്തിക വർഷത്തിലാണ് റിലയൻസ് ഹോം ഫിനാൻസിൽ ഫണ്ട് വകമാറ്റിയെന്നത് സംബന്ധിച്ച് പരാതിയുയർന്നത്. തുടർന്ന് സെബി ഇക്കാര്യം അന്വേഷിക്കുകയായിരുന്നു.അന്വേഷണത്തിൽ ആർ.എച്ച്.എഫ്.എല്ലിന്റെ പ്രധാന മാനേജർമാരുടെ സഹായത്തോടെ പണം തട്ടിയെടുക്കാനുള്ള പദ്ധതി അനിൽ അംബാനി ആസൂത്രണം ചെയ്തതായി സെബി കണ്ടെത്തി. അംബാനിയുമായി നേരിട്ട് ബന്ധമില്ലാത്ത സ്ഥാപനങ്ങളിലേക്ക് പണം വകമാറ്റാനാണ് പദ്ധതിയിട്ടത്. അനധികൃത വായ്പകൾ വഴി പണം തട്ടിയെടുക്കാനായിരുന്നു അനിൽ പദ്ധതിയിട്ടതെന്നും സെബിയുടെ റിപ്പോർട്ടിലുണ്ട്.

ആർ.എച്ച്.എഫ്.എല്ലിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്ന, രവീന്ദ്ര സുധാൽകർ, പി​ങ്കേഷ് ആർ ഷാ എന്നിവരുൾപ്പെടെ 24 ഉദ്യോഗസ്ഥരെയാണ് വിലക്കിയത്. ഇവർക്ക് യഥാക്രമം 27 കോടി, 26കോടി, 21 കോടി രൂപ വീതം പിഴയും ചുമത്തി.റിലയന്‍സ് യൂണികോണ്‍ എന്റര്‍പ്രൈസസ്, റിലയന്‍സ് എക്‌സ്‌ചേഞ്ച് നെക്‌സ്റ്റ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ്, റിലയന്‍സ് ബിഗ് എന്റര്‍ടെയ്ൻ‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് 25 കോടി രൂപ വീതം പിഴ ചുമത്തി. 2022 ഫെബ്രുവരിയിലും അനിൽ അംബാനി ഉൾപ്പെടെയുള്ളവർ വിപണിയിൽ ഇടപെടരുതെന്ന് സെബി ഇടക്കാല ഉത്തരവിറക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments