തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി ബിജെപിയുടെ മുതിർന്ന നേതാവ് വി മുരളീധരൻ. ഇരകളെ രക്ഷിക്കാൻ എന്ന പേരിൽ വേട്ടക്കാരെ രക്ഷിക്കുന്ന സമീപനമാണെന്ന് സർക്കാർ സ്വീകരിക്കുന്നതെന്ന് വി മുരളീധരൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പല ഭാഗങ്ങളും മറച്ചുവച്ചു. സർക്കാർ ആരെയാണ് സംരക്ഷിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.
സർക്കാരിൻമേലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. സർക്കാർ നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ ഒളിച്ചുകളി വ്യക്തമാണ്. സർക്കാരിന് ഭരണത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടു. ഇപ്പോൾ നടത്തുന്നത് മണ്ടൻ പ്രസ്താവനകളാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. അമ്മ അംഗങ്ങൾ ഇത്ര നിഷ്കളങ്കർ ആണോ. അഭിനയതൊഴിലാളികൾ എന്ന് സ്വയം വിളിക്കുന്നവർക്ക് അവരുടെ തൊഴിലിടത്തിലെ കാര്യങ്ങൾ അറിയില്ലെന്ന് പറയുന്നു. അത് മുഖവിലയ്ക്ക് എടുക്കാൻ എങ്ങനെ കഴിയും. സർക്കാരിന്റെ ഭാഗമായ ചിലരുണ്ട്. അങ്ങനെ ഉള്ളവരെ കുറിച്ച് റിപ്പോർട്ടിൽ പരാമർശം ഉണ്ടാകാം. അത് പുറത്ത് വരുമോ എന്ന ഭയം സർക്കാരിന് ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.