മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സഹകരണ ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി റിസർവ് ബാങ്ക്. മഹാരാഷ്ട്രയിലെ 2 സഹകരണ ബാങ്കുകൾക്കും കർണാടകത്തിലെയും തമിഴ്നാട്ടിലെയും ഓരോ ബാങ്കുകൾക്കും എതിരെയാണ് നടപടി. ജനലക്ഷ്മി സഹകരണ ബാങ്ക്, സോലാപൂർ ജനതാ സഹകരണ ബാങ്ക്, ചിക്കമംഗലൂരു ജില്ലാ സഹകരണ സെൻട്രൽ ബാങ്ക്, ദിണ്ടിഗൽ അർബൻ സഹകരണ ബാങ്ക് എന്നിവക്ക് എതിരെയാണ് വൻ തുക പിഴയടക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയത്.
നാസിക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനലക്ഷ്മി സഹകരണ ബാങ്കാണ് ഏറ്റവും കൂടുതൽ പിഴ അടക്കേണ്ടത്. ആകെ 59.90 ലക്ഷം രൂപ പിഴയടക്കാനാണ് ആർബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിത സമയ പരിധിക്കുള്ളിൽ ബാങ്കിൽ മാനേജ്മെൻ്റിന് ബോർഡിനെ തെരഞ്ഞെടുക്കാൻ സാധിച്ചില്ലെന്ന കാരണത്തിലാണ് നടപടി. ചുരുക്കം അംഗങ്ങൾക്ക് പരിധിയിൽ കവിഞ്ഞ ഇളവ് നൽകിയതും എസ്ബിഐ നൽകുന്ന പലിശയേക്കാൾ ഉയർന്ന പലിശ നൽകി നിക്ഷേപം സ്വീകരിച്ചുവെന്ന കുറ്റങ്ങളും ബാങ്കിനെതിരെയുണ്ട്. കാരണം കാണിക്കൽ നോട്ടീസിന് ബാങ്ക് മറുപടി നൽകിയെങ്കിലും അതിൽ തൃപ്തരാകാതെയാണ് കേന്ദ്ര ബാങ്ക് പിഴയിട്ടത്.
മഹാരാഷ്ട്രയിലെ തന്നെ സോലാപൂർ ജനതാ സഹകരണ ബാങ്കിന് 28.30 ലക്ഷം രൂപയും പിഴയിട്ടിട്ടുണ്ട്. മതിയായ യോഗ്യത ഇല്ലാത്തയാളെ മാനേജ്മെൻ്റ് ബോർഡിൽ ഉൾപ്പെടുത്തിയത് തെറ്റായ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ഇതിന് പുറമെ കർണാടകത്തിലെ ചിക്കമംഗലൂരു ജില്ലാ സഹകരണ സെൻട്രൽ ബാങ്കിന് അരലക്ഷം (50000) രൂപ പിഴയിട്ടിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് വിവരം നബാർഡിന് (നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻ്റ്) നൽകാൻ വൈകിയെന്ന കുറ്റത്തിലാണ് പിഴയീടാക്കിയത്. തമിഴ്‌നാട്ടിലെ ദിണ്ടിഗൽ അർബൻ സഹകരണ ബാങ്കിനോട് 25000 രൂപ പിഴയടക്കാനും കേന്ദ്ര ബാങ്ക് നിർദ്ദേശം നൽകി. ഇഷ്ടക്കാർക്ക് പരിധിയിൽ കൂടുതൽ വായ്പ നൽകിയതാണ് പിഴയീടാക്കാനുള്ള കാരണം.