തിരുവനനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിനെ സംരക്ഷിക്കരുതെന്ന് ഇടതുമുന്നണി നേതൃത്വത്തോട് സിപിഐ. ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും
രഞ്ജിത്തിനെ മാറ്റണമെന്നും സിപിഐ ആവശ്യപ്പെട്ടു. മുന്നണി നേതൃത്വത്തെ സിപിഐ നേതൃത്വം അതൃപ്തി അറിയിച്ചു.
രഞ്ജിത്തിനെ സംരക്ഷിക്കുന്നതിനോട് യോജിപ്പില്ലെന്നാണ് സിപിഐ വ്യക്തമാക്കുന്നത്.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചേക്കുമെന്നാണ് സൂചന. രഞ്ജിത്തിനോട് രാജി വെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും വിവരമുണ്ട്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വിവിധ മാധ്യമങ്ങളോട് പറഞ്ഞു.
‘ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രഞ്ജിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷന്‍ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകന്‍ രഞ്ജിത്തുമായി കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവര്‍ത്തകര്‍ക്കായി പാര്‍ട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോള്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. നിര്‍മാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തന്റെ റൂമിലേക്ക് വരാന്‍ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്‌കസ് ചെയ്യാനാണെന്നാണ് ഞാന്‍ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയില്‍ തൊട്ടു, വളകള്‍ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി,’ ശ്രീലേഖ പറഞ്ഞു.
അതേസമയം, സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ആരോപണത്തിൽ നീതിപൂർവം അന്വേഷണം നടത്തണമെന്ന് നടി ഉർവശി റിപ്പോർട്ടറിനോട് പറഞ്ഞു. മുഖ്യമന്ത്രി ഉചിതമായ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നടിയുടെ ആരോപണം സാക്ഷികളില്ലെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. തന്നോട് ആരും ഇതുവരെ മോശമായി പെരുമാറാത്തത് തന്നെ സംരക്ഷിക്കാൻ കുടുംബമടക്കം ഉണ്ടായിരുന്നതുകൊണ്ടാണ്. അന്യഭാഷകളിലുള്ളവരോട് ഇവിടെ ഇങ്ങനെയല്ല എന്ന് പറയേണ്ടിവരികയാണെന്നും അവർ പറഞ്ഞു.
രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ രംഗത്തെത്തി. 23 പേര്‍ ഒപ്പുവെച്ച പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. പൊതു സമൂഹത്തോടും മാധ്യമ സമൂഹത്തോടും അധികാരഗര്‍വ്വോടും ധാര്‍ഷ്ട്യത്തോടുമുള്ള രഞ്ജിത്തിന്റെ ഇടപെടലുകള്‍ കുപ്രസിദ്ധമാണെന്നും തൊഴില്‍ ചെയ്യാന്‍ വന്ന സ്ത്രീയോട് അവരുടെ അന്തസിനേയും അഭിമാനത്തേയും ക്ഷതമേല്‍പിച്ചുകൊണ്ട് നടത്തിയ അതിക്രമമാണ് വൈകിയെങ്കിലും പുറത്തായതെന്നും പ്രസ്താവനയില്‍ പറയുന്നു.