വാഷിങ്ടൻ : ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ കാരണം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും അടുത്തവർഷം ഫെബ്രുവരിയോടെ തിരിച്ചെത്തിക്കുമെന്നു നാസ അറിയിച്ചു.
ഇലോൺ മസ്ക്കിന്റെ സ്പേസ്എക്സ് കമ്പനിയുടെ ഡ്രാഗൺ പേടകം ഉപയോഗിച്ചാണു മടക്കയാത്രയെന്നു നാസ മേധാവി ബിൽ നെൽസൺ പറഞ്ഞു. പ്രൊപ്പൽഷൻ സംവിധാനത്തിൽ പ്രശ്നങ്ങളുള്ളതിനാൽ സ്റ്റാർലൈനറിൽ മടങ്ങുന്നത് സുരക്ഷിതമായിരിക്കില്ലെന്നു വിലയിരുത്തിയാണു നടപടി. ജൂൺ ഏഴിനു ബഹിരാകാശ നിലയത്തിലെത്തിയ ഇരുവരും ജൂൺ 13നു തിരിച്ചെത്തും വിധമായിരുന്നു യാത്രാപദ്ധതി.
ഇന്ത്യൻ വംശജയായ സുനിതയുടെ മൂന്നാമത്തെ ബഹിരാകാശനിലയ സന്ദർശനവും ബോയിങ് സ്റ്റാർലൈനറിന്റെ കന്നിയാത്രയുമായിരുന്നു ഇത്. തുടർച്ചയായി പ്രതിസന്ധികൾ നേരിട്ട ഈ ദൗത്യത്തിന്റെ വിക്ഷേപണവും 2 തവണ മാറ്റേണ്ടി വന്നിരുന്നു.