റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഡിസ്നി ഇന്ത്യയും തമ്മിലുള്ള ലയനത്തിന് കോംപറ്റീഷൻ കമീഷന്റെ അംഗീകാരം. 70,350 കോടിയുടെ ഇടപാടിനാണ് കമീഷൻ അംഗീകാരം നൽകിയത്. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വിയാകോം മീഡിയ ലിമിറ്റഡ്, ഡിജിറ്റൽ 18 മീഡിയ ലിമിറ്റഡ്, സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റാർ ടെലിവിഷൻ പ്രൊഡക്ഷൻ ലിമിറ്റഡ് എന്നിവയുടെ ലയനത്തിനാണ് അംഗീകാരം. കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ചില ഭേദഗതികളോടെയാണ് ലയനത്തിന് അംഗീകാരം നൽകിയതെന്നും കമീഷൻ എക്സിലെ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. റിലയൻസിന്റെ വാർഷിക ജനറൽ ബോഡി യോഗം നടക്കാനിരിക്കെയാണ് നിർണായക പ്രഖ്യാപനം. കരാർ പ്രകാരം വിയാകോം 18 മീഡിയ ഓപ്പറേഷൻസ് സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ലയിക്കും.70,350 കോടിയായിരിക്കും പുതുതായുണ്ടാവുന്ന സ്ഥാപനത്തിന്റെ മൂല്യം. സ്ഥാപനത്തിനായി റിലയൻസ് 11,500 കോടി രൂപ മുടക്കുകയും ചെയ്യും. പുതിയ മാധ്യമസ്ഥാപനത്തിന്റെ വളർച്ചക്കായാണ് ഇത്രയും തുക മുടക്കുക. രാജ്യത്തിലുടനീളം 120ഓളം ചാനലുകളും രണ്ട് ഒ.ടി.ടി പ്ലാറ്റ്ഫോമുകളും പുതിയ സ്ഥാപനത്തിന്റെ ഭാഗമാവുമെന്നാണ് റിപ്പോർട്ട്.
സോണി, നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയവയുമായിട്ടായിരിക്കും പ്രധാന മത്സരം. 2024 വർഷത്തിന്റെ അവസാനപാദത്തോടെ ലയന നടപടികൾ തുടങ്ങി 2025 ആദ്യ പാദത്തോടെ ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നീത അംബാനിയായിരിക്കും പുതിയ സ്ഥാപനത്തിന്റെ ചെയർപേഴ്സൺ. മുൻ വാൾട്ട് ഡിസ്നി എക്സിക്യൂട്ടീവ് ഉദയ് ശങ്കർ വൈസ് ചെയർപേഴ്സണായും സ്ഥാനമേറ്റെടുക്കും.പുതിയ സ്ഥാപനത്തിൽ റിലയൻസിനും വിയാകോമിനും കൂടി 63.16 ശതമാനം ഓഹരിയുണ്ടാവും. ഡിസ്നിക്ക് 36.84 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ടാവും.