കൊച്ചി: നടന്‍ സിദ്ദിഖിനെതിരായ പീഡന പരാതിയില്‍ നിര്‍ണായക നീക്കവുമായി അന്വേഷണസംഘം. സിദ്ദിഖിനെ ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിദ്ദിഖിന് നോട്ടീസ് നല്‍കും.
പ്രത്യേക ഉദ്യോഗസ്ഥന്‍ വഴി കൊച്ചിയിലെത്തിയാകും നോട്ടീസ് നല്‍കുക. കോടതിയില്‍ രേഖപ്പെടുത്തിയ യുവനടിയുടെ രഹസ്യമൊഴി ലഭിച്ചാല്‍ ഉടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍.
തനിക്കെതിരെയുള്ള പരാതിയിലെ എഫ്‌ഐആറിന്റെ പകര്‍പ്പ് സിദ്ദിഖ് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ അഭിഭാഷകന്‍ വഴിയാണ് പകര്‍പ്പ് തേടിയുള്ള അപേക്ഷ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന നിര്‍ണായക തെളിവ് ലഭിച്ചിട്ടുണ്ട്. മസ്‌ക്കറ്റ് ഹോട്ടലിലെ രജിസ്റ്ററില്‍ സിദ്ദീഖിന്റെ പേരുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
എട്ട് വര്‍ഷം മുമ്പ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. ആരോപണത്തില്‍ നടിക്കെതിരെയും സിദ്ദീഖ് പരാതി നല്‍കിയിട്ടുണ്ട്. ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് സിദ്ദീഖ് പരാതി നല്‍കിയിരിക്കുന്നത്. വ്യത്യസ്ത സമയങ്ങളിലാണ് നടി ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചത് ഇപ്പാഴാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമാണെന്നും പരാതിയില്‍ സിദ്ദീഖ് ആരോപിക്കുന്നു