തിരുവനന്തപുരം: മുതിർന്ന സിപിഐഎം നേതാവ് ഇ പി ജയരാജനെതിരെയുള്ള നടപടി മുഖം രക്ഷിക്കാനെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ നേരത്തെ നടപടി എടുക്കാമായിരുന്നു. ഇ പി ജയരാജൻ ജാവദേക്കറിനെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് സുധാകരൻ പറഞ്ഞു. ഇപിക്ക് എതിരെ മാത്രമല്ല മുഖ്യമന്ത്രിക്ക് എതിരെയും നടപടി എടുക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
ഇ പി ജയരാജനെ കുറേകാലമായി സിപിഐഎം ഒതുക്കുകയാണെന്നും പാർട്ടി പിന്തുണ നൽകിയില്ലെന്നുമായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചത്. ഇ പി ജയരാജനെ പോലെ ഒരാളോട് അങ്ങനെ ചെയ്യാമോയെന്ന ചോദ്യം സമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടെന്നും തിരുവഞ്ചൂര്‍ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചിരുന്നു.
ഇപിയെ കൺവീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ സിപിഐഎം നേതാവ് ടി പി രാമകൃഷ്ണനെ പുതിയ എൽഡിഎഫ് കൺവീനറായി നിയോഗിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജന്‍ ഒഴിവായതിൽ എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. കണ്‍വീനര്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ ഇപി ക്ക് പരിമിതികള്‍ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്ഥാവനകളും കാരണമാണ്. ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ച അന്നേ ചര്‍ച്ചയായതാണ്. മറ്റുതരത്തിലുള്ള സംഘടനാ നടപടിയില്ല. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇ പി ജയരാജന്‍ മാറില്ലെന്നുമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.